ഇവിഎമ്മില്‍ കൃത്രിമം നടന്നു, ഇന്ത്യാ സഖ്യം സുപ്രീംകോടതിയിലേക്ക്‌

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമം നടന്നുവെന്നാരോപിച്ച് പ്രതിപക്ഷ ഇന്ത്യ സഖ്യം സുപ്രീം കോടതിയിലേക്ക്. മുതിര്‍ന്ന നേതാവ് ശരദ് പവാറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളും തമ്മില്‍ ഇന്നലെ വൈകുന്നേരം ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് തീരുമാനം.

പവാറിന്റെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തിന് മഹാരാഷ്ട്രയില്‍ കനത്ത പരാജയം നേരിട്ടു, ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഇക്കാര്യത്തില്‍ ചില മുന്‍കൂര്‍ ആസൂത്രണം ആവശ്യമാണെന്ന കണക്കുകൂട്ടലാണ് കാര്യങ്ങള്‍ക്ക് വേഗത നല്‍കുന്നത്. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കെജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഡല്‍ഹി തൂത്തുവാരിയെങ്കിലും ഇത്തവണ കെജ്രിവാള്‍ ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കെതിരായ അഴിമതിയാരോപണങ്ങളാണ് ബിജെപിയുടെ ആയുധം. ഡല്‍ഹി പിടിക്കാനാണ് ബിജെപി നീക്കം.

അതേസമയം സുപ്രീം കോടതി, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ ശക്തമായി പിന്തുണയ്ക്കുന്ന നിലപാടാണ് അടുത്തിടെയെല്ലാം എടുത്തിട്ടുള്ളത്. ഈയിടെ നടന്ന ഒരു ഹിയറിംഗിനിടെ, ‘നിങ്ങള്‍ വിജയിക്കുമ്പോള്‍ ഇവിഎമ്മുകളില്‍ കൃത്രിമം ആരോപിക്കാറില്ലേയെന്ന ചോദ്യവും ഉന്നയിച്ചിരുന്നു. മാത്രമല്ല, ജഡ്ജിമാര്‍ ഹരജിക്കാരുടെ കൃത്രിമത്വ ആരോപണങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇവിഎമ്മുകള്‍ മികച്ച നേട്ടങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും വോട്ടിംഗ് നിരക്ക് മിനിറ്റില്‍ നാല് വോട്ടുകളായി പരിമിതപ്പെടുത്തുന്നതിലൂടെ ബൂത്ത് ക്യാപ്ചറിംഗ് ഇല്ലാതാക്കിയെന്നും കള്ളവോട്ടിനുള്ള സാധ്യത കുറഞ്ഞുവെന്നും ഈ വര്‍ഷം ആദ്യം നടന്ന ഒരു വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. വോട്ടുകള്‍ അസാധുവാകുന്നത് പേപ്പര്‍ ബാലറ്റുകളുടെ പ്രധാന പ്രശ്‌നമായിരുന്നുവെന്നും ഇവിഎമ്മുകള്‍ അവ ഇല്ലാതാക്കിയെന്നും കോടതി എടുത്തു പറഞ്ഞിരുന്നു.

വോട്ടര്‍-വേരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപിഎടി) സ്ലിപ്പുകളും അവയുടെ അനുബന്ധ ഇവിഎം നമ്പറുകളും തമ്മില്‍ പൊരുത്തമില്ലെന്ന് കണ്ടെത്തിയെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷം സുപ്രീംകോടതിയിലേക്ക് എത്തുന്നത്.

Also Read

More Stories from this section

family-dental
witywide