നാഗ്പൂര്‍: പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ബ്രഹ്മോസ് എയ്റോസ്പേസ് എഞ്ചിനീയറായിരുന്ന നിശാന്ത് അഗര്‍വാളിന് ജീവപര്യന്തം തടവ് വിധിച്ചു. നാഗ്പൂര്‍ കോടതി തിങ്കളാഴ്ചയാണ് ശിക്ഷ വിധിച്ചത്. ഐഎസ്‌ഐക്ക് ബ്രഹ്മോസ് മിസൈലിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന് 2018ലാണ് നിശാന്ത് അഗര്‍വാള്‍ അറസ്റ്റിലായത്.
ക്രൂയിസ് മിസൈലുകള്‍ വികസിപ്പിച്ചെടുക്കാന്‍ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടനയും (ഡിആര്‍ഡിഒ) റഷ്യയുടെ സൈനിക വാണിജ്യ കണ്‍സോര്‍ഷ്യവും സംയുക്തമായി സ്ഥാപിച്ച സംരംഭമാണ് ബ്രഹ്മോസ് എയറോസ്‌പേസ്. ബ്രഹ്മോസ് എയ്റോസ്പേസിന്റെ സീനിയര്‍ സിസ്റ്റം എഞ്ചിനീയറായിരുന്നു അഗര്‍വാള്‍.
ഐപിസി, ഐടി ആക്ടിലെ സെക്ഷന്‍ 66 (എഫ്), ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ടിലെ (ഒഎസ്എ) വിവിധ വകുപ്പുകള്‍ എന്നിവ പ്രകാരവുമുള്ള കുറ്റങ്ങള്‍ക്കാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ സെക്ഷന്‍ 235 പ്രകാരം അഗര്‍വാളിനെ ശിക്ഷിച്ചതെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.വി ദേശ്പാണ്ഡെ ഉത്തരവില്‍ പറയുന്നു. അഗര്‍വാളിന് 14 വര്‍ഷത്തെ കഠിന തടവും 3,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് അഗര്‍വാളിന് ജാമ്യം അനുവദിച്ചിരുന്നു.
ബ്രഹ്മോസ് എയ്റോസ്പേസിനെ ബാധിച്ച ആദ്യത്തെ ചാര അഴിമതിയാണിത്. നേഹ ശര്‍മ്മ, പൂജ രഞ്ജന്‍ എന്നീ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് അഗര്‍വാള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നത്.