ശുചിമുറിയിലെ ക്രൂരത, ബ്രസീലിയൻ ഇതിഹാസതാരത്തിന് തടവുശിക്ഷ വിധിച്ച് കോടതി, കോടിയിലേറെ നഷ്ടപരിഹാരവും

ബാഴ്‌സലോണ: പീഡനക്കേസിൽ ബ്രസീലിന്‍റേയും ബാഴ്‌സലോണയുടെയും ഇതിഹാസ താരമായ ഡാനി ആൽവസിന് തടവുശിക്ഷ. 2022 ഡിസംബര്‍ 31ന് ബാഴ്‌സലോണയിലെ ഒരു നൈറ്റ് ക്ലബിലെ ശുചിമുറിയിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കുറ്റത്തിനാണ് കോടതി ശിക്ഷ വിധിച്ചത്. ഡാനി ആൽവസ് കുറ്റം ചെയ്തതെന്ന് കണ്ടെത്തിയ സ്പാനിഷ് കോടതി, നാലര വർഷം തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഈ മാസം ആദ്യം തുടങ്ങിയ വിചാരണ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന് ശേഷമാണ് മൂന്നംഗ ബെഞ്ച് ശിക്ഷ വിധിച്ചത്. അതിജീവതയ്ക്ക് നഷ്ടപരിഹാരമായി 15,00,00 യൂറോ (1.34 കോടി രൂപ) നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

2022 ഡിസംബര്‍ 31 ന് ബാഴ്‌സലോണയിലെ ഒരു നൈറ്റ് ക്ലബില്‍ വെച്ചായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് 2023 ജനുവരിയിൽ അറസ്റ്റിലായ ആൽവസ് ഇപ്പോഴും ജയിലിലാണ്. യുവതിയുടെ സമ്മതമില്ലാതെയാണ് ആൽവസ് ലൈംഗിക ബന്ധത്തിൽലേർപ്പെട്ടതെന്ന് കോടതി വിചാരണയിൽ തെളിഞ്ഞതോടയാണ് ശിക്ഷ ലഭിച്ചത്. നിശാക്ലബിലെ ജീവനക്കാരുൾപ്പെടെ 30 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കോടതി വിധി പറഞ്ഞത്. കുറ്റം ചെയ്തിട്ടിട്ടില്ലെന്ന വാദമാണ് അവസാനംവരെയും ആൽവസ് കോടതിയിൽ ഉന്നയിച്ചത്. വിധിക്കെതിരെ താരത്തിന് അപ്പീൽ നൽകാൻ അവസരമുണ്ട്.

എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളുടെ പട്ടികയിലുള്ളയാളാണ് ഡാനി ആല്‍വസ്. ബ്രസീല്‍ കുപ്പായത്തിലും വിവിധ ക്ലബുകളിലുമായി ആല്‍വസ് 43 കിരീടങ്ങളുയര്‍ത്തിയുണ്ട്. ബാഴ്‌സലോണ, യുവന്‍റസ്, പിഎസ്‌ജി, സെവിയ്യ തുടങ്ങിയ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുള്ള ബ്രസീലിയന്‍ താരം മെക്‌സിക്കന്‍ ക്ലബ് പ്യൂമാസിനായാണ് ഒടുവിലായി ബൂട്ടണിഞ്ഞത്. ബ്രസീല്‍ ദേശീയ ടീമിനായി 126 മത്സരങ്ങളില്‍ എട്ട് ഗോളുകള്‍ നേടി. ഖത്തറില്‍ അവസാനിച്ച ഫുട്ബോള്‍ ലോകകപ്പില്‍ കാമറൂണിനെതിരായ മത്സരത്തില്‍ ആല്‍വസ് കളത്തിലിറങ്ങിയിരുന്നു. ലോകകപ്പില്‍ കളിക്കുന്ന പ്രായം കൂടിയ ബ്രസീലിയന്‍ എന്ന നേട്ടം ഇതോടെ ഡാനി ആല്‍വസിന് സ്വന്തമായിരുന്നു.

Ex Brazil star Dani Alves sentenced to four years and six months in jail for sexual assault case