എഫ്ബിഐയുടെയും സിഐഎയുടെയും തലവനായിരുന്ന ഏക വ്യക്തിയാണ് വില്യം വെബ്‌സ്റ്റർ എന്ന 100 വയസ്സുകാരൻ. അദ്ദേഹം ഇപ്പോൾ സെനറ്റിന് അയച്ചിരിക്കുന്ന ഒരു കത്ത് വലിയ വിവാദമായിരിക്കുകയാണ്.
എഫ്ബിഐയുടേയും നാഷണൽ ഇൻ്റലിജൻസിൻ്റെയും ഡയറക്ടർമാരായി കാഷ് പട്ടേലിനെയും തുളസി ഗബ്ബാർഡിനെയും നിയമിക്കാനുള്ള ട്രംപിൻ്റെ തീരുമാനം നിരസിക്കാനാണ് അദ്ദേഹം സെനറ്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അവർ യോഗ്യതയില്ലാത്തവരും പക്ഷപാതിത്വം കാണിക്കാൻ സാധ്യതയുള്ളവരും അനുഭവപരിചയമില്ലാത്തവരുമാണെന്ന് വെബ്സ്റ്റർ എഴുതി. പട്ടേലിനും ഗബ്ബാർഡിനും ഒരു ഗുണവും ഇല്ലെന്നും അദ്ദേഹം എഴുതി.
“അമേരിക്കൻ ജനതയുടെയും നിങ്ങളുടെ സ്വന്തം കുടുംബങ്ങളുടെയും സുരക്ഷ ഈ സുരക്ഷാ ഏജൻസികളെയാണ് ആശ്രയിച്ചിരിക്കുന്നു. ഈ രണ്ട് നോമിനികളെയും നിയമിക്കുന്നതിൽ സെനറ്റിൻ്റെ തീരുമാനം നിർണായകമാണ്” അദ്ദേഹം ഓർമിപ്പിച്ചു.
ഡെമോക്രാറ്റ് – റിപ്പബ്ളിക്കൻ ഭരണങ്ങളിൽ ദേശീയ ഏജൻസികളുടെ തലപ്പത്ത് സേവനം അനുഷ്ഠിച്ച വ്യക്തിയാണ് വെസ്‌ബ്‌സ്റ്റർ.
FBIയുടെ തലവനാകാനുള്ള പട്ടേലിൻ്റെ അയോഗ്യതയെ കുറിച്ച് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്. ” അയാൾ നിയമവാഴ്ചയ്ക്ക് തുരങ്കം വയ്ക്കാൻ ശ്രമിക്കുന്നു. ട്രംപിനോട് അമിതവും തീക്ഷ്ണവുമായ വിശ്വസ്തത പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന്റെ നിലപാട് അങ്ങേയറ്റം അപകടകരമാണ്. പട്ടേലിൻ്റെ നിഷ്പക്ഷതയേയും സമഗ്രതയെയും സംബന്ധിച്ച് ഗുരുതരമായ ആശങ്കകൾ ഉണ്ട്. പ്രസിഡണ്ടിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ചാണ് അയാൾ സംസാരിക്കുന്നത്. നിയമ വാഴ്ചയെക്കാൾ അദ്ദേഹത്തിനു പ്രതിപത്തി ചില വ്യക്തികളോടാണ്. നീതിയുടെ നിഷ്പക്ഷമായ നിർവ്വഹണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്ന ഒരു ഏജൻസി എന്ന നിലക്ക് FBI ക്ക് ഇത് അപകടമാണ്.” അദ്ദേഹം എഴുതി.
ട്രംപിൻ്റെ ശത്രുക്കളെ വെറുതെ വിടില്ലെന്നും എഫ്ബിഐയുടെ വാഷിംഗ്ടൺ ആസ്ഥാനം അടച്ചുപൂട്ടി മ്യൂസിയാക്കുമെന്നും ഡീപ് സ്റ്റേറ്റിനെ തകർക്കുമെന്നും പട്ടേൽ പരസ്യമായി വ്യക്തമാക്കിയിരുന്നു.
Ex-FBI and CIA head urges Senate to reject the nomination of Kash Patel and Tulsi Gabbard