മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ടിന് ശിക്ഷ വിധിച്ച് ഗുജറാത്ത് കോടതി, 20 വ‍ർഷം തടവ്

അഹമ്മദാബാദ്: മുൻ ഐ പി എസ് ഓഫീസർ സഞ്ജീവ് ഭട്ടിന് 20 വർഷം തടവ് ശിക്ഷ. 1996 ലെ സംഭവത്തിൽ ഗുജറാത്ത് കോടതിയാണ് സഞ്ജീവ് ഭട്ടിന് 20 വർഷം തടവ് ശിക്ഷ വിധിച്ചത്. മുറിയിൽ കഞ്ചാവ് വെച്ച് അഭിഭാഷകനെ കുടുക്കിയെന്ന കേസിലാണ് മുൻ ഐ പി എസ് ഓഫീസർക്ക് ശിക്ഷ വിധിച്ചത്. ഗുജറാത്തിലെ പ്രത്യേക എൻ ഡി പി എസ് കോടതിയാണ് സഞ്ജീവ് ഭട്ടിന് ശിക്ഷ വിധിച്ചത്.

സഞ്ജീവ് ഭട്ട് ബനസ്‌ക്കന്ധ എസ് പിയായിരുന്നപ്പോളാണ് കേസിനാസ്പദമായ സംഭവം നടന്നത്. 1996 ൽ സുമേർസിങ് രാജ് പുരോഹിതെന്ന രാജസ്ഥാനിലെ അഭിഭാഷകന്‍റെ മുറിയിൽ കഞ്ചാവ് വച്ച് കേസിൽപ്പെടുത്തിയെന്നതായിരുന്നു സഞ്ജീവ് ഭട്ടിനെതിരായ കേസ്. രാജ് പുരോഹിത് താമസിച്ച മുറിയിൽ 1.15 കിലോ കഞ്ചാവ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നായിരുന്നു പരാതി. രാജസ്ഥാനിലെ ഒരു തർക്ക വസ്തുവിലുള്ള അവകാശം രാജ് പുരോഹിത് ഉപേക്ഷിക്കുന്നതിനാണ് ഇത് ചെയ്തതെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷത്തിൽ സഞ്ജീവ് ഭട്ടിനെ 2018 ൽ അറസ്റ്റ് ചെയ്തിരുന്നു. ആറ് വർഷങ്ങൾക്കിപ്പുറം കേസിൽ ശിക്ഷയും വിധിച്ചിരിക്കുകയാണ് കോടതി.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയും ഇപ്പോൾ പ്രധാനമന്ത്രിയുമായിട്ടുള്ള നരേന്ദ്ര മോദിക്കെതിരെ സഞ്ജീവ് ഭട്ട് തെളിവ് നൽകിയതോടെയാണ് സംസ്ഥാന സർക്കാർ അദ്ദേഹത്തിനെതിരെയുള്ള കേസുകൾ സജീവമാക്കിയത്. 1990 ലെ ജംജോധ്പൂരിലെ കസ്റ്റഡി മരണക്കേസിൽ ഭട്ട് നലവിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. ഇതിന് പിന്നാലെയാണ് കഞ്ചാവ് കേസിൽ 20 വ‍ർഷം തടവ് ശിക്ഷയും ലഭിച്ചിരിക്കുന്നത്.

Ex-IPS officer Sanjiv Bhatt gets 20 years in jail in 1996 drug planting case

More Stories from this section

family-dental
witywide