ലണ്ടൻ: യുകെയിലെ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഗവേഷക വിദ്യാർത്ഥിയായ ചീസ്ത കൊച്ചാർ(33) അപകടത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞയാഴ്ച ലണ്ടനിലെ വീട്ടിലേക്ക് സൈക്കിളിൽ പോകുന്നതിനിടെ ചീസ്തയുടെ സൈക്കിളിൽ ട്രക്ക് ഇടിക്കുകയായിരുന്നു. നീതി ആയോഗിലെ മുൻ ഉദ്യോഗസ്ഥയായിരുന്ന ചീസ്ത ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിഎച്ച്ഡി ചെയ്യുകയായിരുന്നു.
നിതി ആയോഗിൻ്റെ മുൻ സിഇഒ അമിതാഭ് കാന്ത് ഓൺലൈൻ പോസ്റ്റിലൂടെയാണ് ചീസ്തയുടെ മരണവാർത്ത പങ്കുവെച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. ഭർത്താവ് പ്രശാന്ത് മറ്റൊരു സൈക്കിളിൽ ഇവരുടെ പിന്നാലെ സഞ്ചരിക്കുന്നുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് എത്തിയ ഭർത്താവ് കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ചീസ്തയെയാണ്. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരും പാരാമെഡിക്കൽ ജീവനക്കാരും സംഭവസ്ഥലത്ത് എത്തി. ട്രക്ക് ഡ്രൈവറെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.
ഇന്ത്യൻ സൈന്യത്തിന്റെ 23-ാം സിഗ്നൽ ഓഫീസർ ഇൻ-ചീഫ് ലഫ്റ്റനന്റ് ജനറൽ ഡോ. എസ്പി കൊച്ചാറിന്റെ മകളാണ് കൊല്ലപ്പെട്ട ചീസ്ത കൊച്ചാർ. ഉത്തർപ്രദേശിലെ ബറേലിയിലാണ് ചീസ്തയുടെ ജനനം. നീതി ആയോഗിൽ പ്രവർത്തിച്ചിരുന്ന അവർ ഓർഗനൈസേഷണൽ ബിഹേവിയർ മാനേജ്മെൻ്റിൽ പിഎച്ച്ഡി ചെയ്യുന്നതിനാണ് ലണ്ടനിലെത്തിയത്.