
ജോർജ്ജ് ഫ്‌ളോയിഡിൻ്റെ കൊലപാതകത്തിൽ ശിക്ഷിക്കപ്പെട്ട മുൻ മിനിയാപൊളിസ് പൊലീസ് ഓഫീസർമാരിൽ ഒരാളായ തോമസ് ലെയ്ൻ ജയിൽ മോചിതനായതായി സിബിഎസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
2020 മെയ് മാസത്തിൽ, ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്ന ജോർജ്ജ് ഫ്ലോയിഡിൻ്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം നടത്തിയത്. എട്ട് മിനുട്ട് 46 സെക്കന്‍റ് നേരം പൊലീസ് ഓഫീസറുടെ കാല്‍ മുട്ടുകള്‍ ഫ്ലോയ്ഡിന്‍റെ കഴുത്തില്‍ ഞെരുക്കിയിരുന്നുവെന്ന് പോസ്റ്റ്മോർട്ടം വ്യക്തമാക്കുന്നു. ഡെറിക്ക് ഷോവിൻ എന്ന ഉദ്യോഗസ്ഥൻ ഫ്ളോഡിനെ ശ്വാസംമുട്ടിച്ചപ്പോൾ കാലുകൾ പിടിച്ചുവച്ചത് തോമസ് ലെയ്ൻ ആയിരുന്നു.
നാല്‍പ്പത്തിയാറുകാരനായ ജോർജ്ജ് ഫ്ലോയിഡന്റെ കൊലപാതകത്തിൽ അമേരിക്കയിലുടനീളം വൻപ്രതിഷേധങ്ങളാണ് അരങ്ങേറിയത്. കൈവിലങ്ങ് ഉപയോഗിച്ച് പുറകിലേക്ക് കൈകൾ ബന്ധിച്ചതിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥനായ ഡെറിക് കഴുത്തിൽ കാൽമുട്ടമർത്തി ഫ്ലോയിഡിനെ കൊന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തെത്തിയതിനെ തുടർന്ന് വൻപ്രതിഷേധങ്ങളാണ് അമേരിക്കയിൽ നടന്നത്.
ഫ്ലോയിഡിൻ്റെ മനുഷ്യാവകാശങ്ങൾ ലംഘിച്ചതിന് 2022-ൽ ലെയ്ൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2.5 വർഷത്തേക്ക് ജയിലിൽ അടയ്ക്കപ്പെട്ടു. നരഹത്യയെ സഹായിച്ചതിനും പ്രേരിപ്പിച്ചതിനും മൂന്നുവർഷത്തെ ശിക്ഷയും വിധിച്ചിരുന്നു. ലെയ്ൻ തൻ്റെ ഫെഡറൽ, സ്റ്റേറ്റ് ശിക്ഷകൾ ഒരേസമയം അനുഭവിക്കുകയായിരുന്നു. ഫെബ്രുവരി 26 ന് അദ്ദേഹത്തിൻ്റെ ഫെഡറൽ ശിക്ഷ അവസാനിച്ചു. ലെയ്ൻ കൊളറാഡോയിലെ ജയിലിലാണ് ശിക്ഷ അനുഭവിച്ചത്. ജയിൽ മോചിതനായതിന് ശേഷം അദ്ദേഹം നിരീക്ഷണത്തിലേക്ക് പോകും.