മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രഫ. ജി.എന്‍.സായ്ബാബ ഉള്‍പ്പെടെ 6 പേരെ ബോംബെ ഹൈക്കോടതി വിട്ടയച്ചു. ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സായ്ബാബ ഉൾപ്പെടെയുള്ള 5 പേർക്ക് ജീവപര്യന്തം തടവായിരുന്നു വിചാരണക്കോടതി വിധിച്ചിരുന്നത്. ആ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്.
മാവോയിസ്റ് ബന്ധമാരോപിച്ച് സായിബാബ 2014ലാണ് അറസ്റ്റു ചെയ്യപ്പെടുന്നത്. മാവോയിസ്റ്റ് മേഖലയായ ഗഡ്‌ചിറോളി സെഷൻസ് കോടതിയിൽ കേസിന്റെ വാദം നടക്കുന്ന സാഹചര്യത്തിലാണ് സായിബാബയുൾപ്പെടെ ആറു പേർ അപ്പീലുമായി ബോംബെ ഹൈക്കോടതിയെ സമീപിക്കുന്നത്. റെവല്യൂഷണറി ഡെമോക്രാറ്റിക് ഫ്രണ്ടുമായുള്ള ബന്ധമാണ് കേസിനാധാരം. മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട സംഘടനയാണ് ഇത്.
യുഎപിഎ വ്യവസ്ഥ പാലിച്ചല്ല വിചാരണക്കോടതി നടപടി എന്ന് ആരോപിച്ച് സായിബാബയെ 2022ല്‍ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ മഹാരാഷ്ട്ര സര്‍ക്കാർ സുപ്രീംകോടതിയില്‍ അപ്പീൽ പോയി. വിചാരണക്കോടതി സായ്ബാബയെ ശിക്ഷിച്ചത് തെളിവുകള്‍ വിശദമായി പരിശോധിച്ചാണെന്ന് വിലയിരുത്തിയാണ് സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്.
മഹാരാഷ്ട്ര പൊലീസ് സായ്ബാബയെ അറസ്റ്റ് ചെയ്യുമ്പോൾ അദ്ദേഹം ഡല്‍ഹി സര്‍വകലാശാലയിലെ രാം ലാല്‍ ആനന്ദ് കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായിരുന്നു . പിന്നാലെ ജോലി നഷ്ടപ്പെട്ടു. പോളിയോ ബാധിച്ച് 90 ശതമാനവും തളർന്ന വ്യക്തിയാണ് ഇദ്ദേഹം.
വൃക്കരോഗം ഉള്‍പ്പെടെ അലട്ടുന്ന അദ്ദേഹം ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടി മോചനത്തിന് അപേക്ഷിച്ചെങ്കിലും കോടതി വിട്ടയച്ചില്ല. അമ്മ മരണക്കിടക്കയിലായിരിക്കെ പോലും കാണാന്‍ ജാമ്യം നല്‍കിയിരുന്നില്ല.
Ex Pro. Saibaba who Arrested Over Maoist Links Acquitted by Bombay HC