റോൾസ് റോയ്സിൻ്റെ മുൻ ഡിസൈനർ മേധാവിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

ന്യൂഡൽഹി: മുൻ റോൾസ് റോയ്‌സ് ഹെഡ് ഡിസൈനറും വിൻ്റേജ് കാർ വിദഗ്ധനുമായ ഇയാൻ കാമറൂണിനെ ജർമ്മനിയിലെ വസതിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൂന്ന് മില്യൺ ഡോളർ വിലമതിക്കുന്ന അദ്ദേഹത്തിന്റെ ബംഗ്ലാവിൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. ബ്രിട്ടീഷ് പൌരനാണ് അദ്ദേഹം.

സംഭവസമയത്ത് 74 കാരനായ ജർമ്മനിയിലെ ഇയാൻ, ഹെർഷിംഗിലെ ലേക്ക് അമ്മർസിയിൽ ഭാര്യ വെറീന ക്ലോസിനൊപ്പം താമസിച്ചു വരികയായിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട വെറീന ക്ലോസ് ബംഗ്ലാവിന്റെ മതിൽ തകർത്ത് അയൽവാസിയുടെ വീട്ടിൽ രക്ഷതേടുകയായിരുന്നു. അവിടെ നിന്ന് പൊലീസിനെ വിവരം അറിയിച്ചു.

വിലപിടിപ്പുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലെ ​ഗാരേജിലേക്കുള്ള വൈദ്യുതി കേബിളുകൾ മുറിച്ച ശേഷമായിരുന്നു മോഷ്ടാവെത്തിയത്. അക്രമിയെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടരുകയാണ്. റോൾസ് റോയ്സിന്റെ ​ഗോസ്റ്റ്, ഫാൻ്റം, 3 സീരീസ് എന്നിവയുടെ രൂപകൽപ്പനയിൽ സുപ്രധാന പങ്കുവഹിച്ചയാളാണ് ഇയാൻ കാമറൂൺ. 1998ൽ ബിഎംഡബ്ല്യു റോൾസ് റോയ്സ് ഏറ്റെടുത്തപ്പോൾ മുതലാണ് ഇയാൻ ഇതിന്റെ രൂപകൽപ്പനാ വിഭാ​ഗം മേധാവിയായത്.

ഇയാന്റെ മരണത്തിൽ അഗാധമായ ദുഃഖവും ഞെട്ടലും രേഖപ്പെടുത്തുന്നുവെന്നും ഹൃദയംകൊണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചേർന്നു നിൽക്കുന്നുവെന്നും ഓട്ടോമോട്ടീവ് ന്യൂസിന് നൽകിയ പ്രസ്താവനയിൽ ബിഎംഡബ്ല്യു പറഞ്ഞു.

More Stories from this section

family-dental
witywide