എക്‌സാ ലോജിക്: വിവിധ കമ്പനികളില്‍ നിന്നായി അബുദാബി അക്കൗണ്ടിലേക്ക് 3 കോടി, പണം യുഎസിലേക്ക് ഉള്‍പ്പെടെ മാറ്റി

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജികും കരിമണല്‍ കമ്പനിയായ സിഎംആര്‍എലും തമ്മിലുള്ള ദുരൂഹ ഇടപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

വിദേശത്തുള്ള രണ്ട് കമ്പനികളില്‍ നിന്നായി അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് 3 കോടി രൂപ വീതം എത്തിയെന്നും ഇതുകൂടാതെ, വേറെയും ചില കമ്പനികളില്‍ നിന്നും ഈ അക്കൗണ്ടിലേക്ക് പണമെത്തിയെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. രാജ്യാന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍, എസ്എന്‍സി ലാവ്‌ലിന്‍ കമ്പനികളില്‍നിന്നും അധികം അറിയപ്പെടാത്ത മറ്റ് ചില കമ്പനികളില്‍ നിന്നുമാണ് അബുദാബിയിലെ അക്കൗണ്ടിലേക്ക് പണം എത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചത്. അക്കൗണ്ടിന്റെ ഉടമകള്‍ മലയാളികളും അടുത്ത രാഷ്ട്രീയ ബന്ധമുള്ളവരുമാണ് എന്നാണു സൂചനകള്‍.

മാത്രമല്ല, അക്കൗണ്ടിലെത്തിയ തുകയെല്ലാം യ.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ അക്കൗണ്ടിലേക്ക് മാറ്റിയെന്നുമാണ് വിവരം. ഇതെല്ലാം കണ്ടെത്തിയത് അന്വേഷണ ഏജന്‍സികളാണ്. സി.എം.ആര്‍.എല്ലും എക്‌സാലോജികും തമ്മിലുള്ള ഇടപാടുകള്‍ അന്വേഷിക്കുന്നതിനിടെയാണ് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ അബുദാബിയിലെ അക്കൗണ്ടിനെക്കുറിച്ച് കണ്ടെത്തുന്നത്.

ഈ അക്കൗണ്ടിലേക്ക് പണമയച്ച കമ്പനികള്‍ മസാല ബോണ്ടിലും നിക്ഷേപിച്ചിട്ടുണ്ടോയെന്നാണ് ഇ.ഡി അന്വേഷിക്കുന്നത്.

അതേസമയം, വീണാ വിജയന്റെ കമ്പനിയായ എക്സാലോജികിന് വിദേശത്തും അക്കൗണ്ട് ഉണ്ടെന്നും ഈ അക്കൗണ്ടിലേക്ക് കോടികള്‍ എത്തിയെന്നും ഇതില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ്ജ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയിട്ടുണ്ട്. ഈ അക്കൗണ്ടുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും ഷോണ്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.