ഖത്തറിൽ വധശിക്ഷക്കു വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന ഇന്ത്യൻ നാവിക സേനാംഗങ്ങളെ മോചിപ്പിച്ചതിൽ ഷാരൂഖ് ഖാൻ്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തള്ളി അദ്ദേഹത്തിന്റെ ഓഫീസ്. വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഷാരൂഖ് ഇടപെട്ടിട്ടില്ലെന്നും ടീം എസ്ആർകെ അറിയിച്ചു.
“ഇന്ത്യൻ നാവികരുടെ മോചനം സംബന്ധിച്ച് അദ്ദേഹത്തിൻ്റെ ഇടപെടലിനെക്കുറിച്ചുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഈ വിജയകരമായ ഉദ്യമത്തിൽ ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് പങ്ക്. നയതന്ത്രവിഷയങ്ങൾ കൈകാര്യം ചെയ്യാൻ വളരെ കഴിവുള്ള നേതാക്കളാണ് നമുക്കുള്ളത്. നാവിക സേനാ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന കാര്യത്തിൽ മറ്റ് ഇന്ത്യക്കാരെ പോലെ ഷാരൂഖ് ഖാനും സന്തോഷിക്കുന്നു. അവർക്ക് എല്ലാ വിധ ആശംസകളും നേരുന്നു,” പ്രസ്താവനയിൽ പറഞ്ഞു.
എട്ട് ഇന്ത്യൻ നാവിക സേനാംഗങ്ങളെ ഖത്തർ സർക്കാർ വിട്ടയച്ചത് ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ ഇടപെടൽ മൂലമാണെന്നും അതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎഇയും ഖത്തറും സന്ദർശിക്കുമ്പോൾ നടനെയും കൂടെ കൊണ്ടുപോകണമെന്നും ബിജെപി അംഗവും മുൻ എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി ആരോപിച്ചിരുന്നു. ഇതിലാണ് ടീം എസ്ആർകെ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്.