തുടർച്ചയായി മൂന്നാം തവണയും ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിലെത്തുമെന്ന സൂചനകളാണ് എക്സിറ്റ് പോളുകൾ നൽകുന്നത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും എൻഡിഎയ്ക്ക് 350-ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് സീറ്റുകൾ കുറയാൻ സാധ്യതയുണ്ട് എന്ന വിലയിരുത്തലുകൾ ശരിയായിരുന്നു എന്നാണ് എക്സിറ്റ് പോൾ പറയുന്നത്. എന്നാൽ അങ്ങനെ നഷ്ടപ്പെടുന്ന സീറ്റുകൾ ദക്ഷിണേന്ത്യയിൽ പിടിക്കാൻ സാധിക്കും എന്ന ബിജെപിയുടെ തന്ത്രം വിജയിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
ബിജെപി കിണഞ്ഞു പരിശ്രമിച്ചിട്ടും വേരുപിടിക്കാൻ സാധിക്കാതിരുന്ന കേരളമുൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ഇത്തവണ മികച്ച നേട്ടമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. അവിടെ ഇന്ത്യ മുന്നണി വ്യക്തമായ ആധിപത്യം നിലനിര്‍ത്തുമ്പോഴും വന്‍കുതിച്ചു ചാട്ടമാണ് സീറ്റു നിലയിലും വോട്ട് ശതമാനത്തിലും ബിജെപി സ്വന്തമാക്കുകയെന്നാണ് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്
പശ്ചിമ ബംഗാളിൽ 2019-ൽ തൃണമൂൽ കോൺഗ്രസ് 22 സീറ്റും ബിജെപി 18 സീറ്റുമായിരുന്നു നേടിയത്. അത് ഇത്തവണ തിരിഞ്ഞു വരാനാണ് സാധ്യതയെന്നാണ് എക്സിറ്റ് പോൾ. . ബിജെപി 21 മുതൽ 26 സീറ്റുകൾ വരെ പശ്ചിമ ബംഗാളിൽ നേടുമെന്നാണ് വ്യത്യസ്ത സർവേകൾ പറയുന്നത്. തൃണമൂൽ 16 മുതൽ 19 വരെയായി ചുരുങ്ങും. കോൺഗ്രസ് 2 സീറ്റുവരെ നേടാൻ സാധ്യതയുണ്ട്. ഇടതുപക്ഷം ഒരു സീറ്റും.
ഒഡീഷയിലെ 21 സീറ്റുകളിൽ 15 സീറ്റുകളിലും ബിജെപി വിജയിക്കുമെന്നാണ് സർവേ.
വലിയ മുന്നേറ്റം പ്രതീക്ഷിച്ച ഉത്തർപ്രദേശിൽ കാര്യമായി ചലനമുണ്ടാക്കാൻ ഇന്ത്യ സഖ്യത്തിന് സാധിക്കില്ല എന്നതും വളരെ പ്രധാനപ്പെട്ട കാര്യമാണ്. എൻഡിഎ ഇപ്പോഴുള്ള 64 സീറ്റിൽ നിന്ന് 69 സീറ്റായി ഉയരുമെന്നാണ് എക്സിറ്റ് പോളുകൾ തരുന്ന സൂചന.
ഹരിയാനയിൽ കഴിഞ്ഞ തവണത്തേതുപോലെ മുഴുവൻ സീറ്റിലും എൻഡിഎ ജയിക്കുന്ന സാഹചര്യമുണ്ടാകില്ല എന്നാണ് സൂചനകൾ. 7 മുതൽ 9 സീറ്റുകളാണ് എൻഡിഎ പ്രതീക്ഷിക്കുന്നത്. ഇന്ത്യ സഖ്യത്തിന് ഒന്ന് മുതൽ മൂന്നു സീറ്റുകളും പ്രതീക്ഷിക്കാം. കർഷകസമരവും ഗുസ്തി താരങ്ങളുടെ സമരവും വലിയ ചലനങ്ങളുണ്ടാക്കുമെന്ന് കരുതിയ സംസ്ഥാനമാണ് ഹരിയാന
ഡൽഹി, മധ്യപ്രദേശ്,ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഝാർഖണ്ഡ്, ചത്തീസ്ഗഡ് , ഹിമാചൽ, ആസാം എന്നിവടങ്ങളിൽ മുഴുവൻ സീറ്റുകളും എൻഡിഎ നേടുമെന്നാണ് പ്രവചനം.
രാജസ്ഥാനാണ് ഇന്ത്യ സഖ്യത്തിന് പ്രതീക്ഷയുള്ള സംസ്ഥാനം. രാജസ്ഥാനിൽ 2019-ൽ 25-ൽ 24 സീറ്റും എൻഡിഎയ്ക്കായിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായി 5 മുതൽ 7 സീറ്റുകൾ അവർക്ക് നഷ്ടപ്പെടുമെന്നാണ് ഇന്ത്യ ടുഡേയുടെ ആക്സിസ് മൈ ഇന്ത്യ സർവേ പറയുന്നത്. ബിഹാറിൽ ഇന്ത്യ സഖ്യത്തിന് 7 മുതൽ 10 സീറ്റുകൾ വരെ ലഭിക്കും എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. എട്ടു സീറ്റുകൾ വർധിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ സർവേ പറയുന്നു.
മഹാരാഷ്ട്രയിൽ ശിവസേനയുടെയും എൻസിപിയുടെയും പിളര്‍പ്പുകള്‍ക്ക് ശേഷം ആദ്യമായി ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണിത്. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ 2019-ൽ ബിജെപിയുടെ 23 സീറ്റും ശിവസേനയുടെ 18 ഉം ചേർത്ത് 41 സീറ്റുകളായിരുന്നു എൻഡിഎക്ക് ലഭിച്ചത്. എന്നാൽ ഇത്തവണ അത് 34-ലേക്ക് കുറയുമെന്നും, ഇന്ത്യ സഖ്യം 13 സീറ്റുകൾ നേടുമെന്നുള്ള വിലയിരുത്തലിലേക്കാണ് എത്തുന്നത്.
2019ൽ എൻഡിഎ കർണാടകയിൽ 28-ൽ 24 സീറ്റുകൾ നേടിയിട്ടുണ്ട്. അതിൽ നിന്ന് 2-4 സീറ്റുകൾ മാത്രമേ കുറയാൻ സാധ്യതയുള്ളൂ എന്നാണ് സർവേ. കോൺഗ്രസ് ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വച്ച സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. അവിടെ കേവലം അഞ്ച് സീറ്റുകൾക്കപ്പുറം നേടാൻ സാധിക്കില്ല എന്ന അവസ്ഥ കോൺഗ്രസിനെയും ഇന്ത്യ സഖ്യത്തെയും സംബന്ധിച്ച് ഏറെ ആശങ്കയുണ്ടാക്കുന്നതാണ്.
തമിഴ്‌നാട്ടിൽ ഇന്ത്യ സഖ്യം മേൽകൈ നിലനിർത്തും. എന്നാൽ രണ്ടു സീറ്റ് കുറയാനുള്ള സാധ്യതയുണ്ട്. 33 മുതൽ 37 സീറ്റുകൾ വരെ ഡിഎംകെയും കോൺഗ്രസുമുൾപ്പെടെയുള്ള കക്ഷികൾ നേടുമെന്നാണ് പ്രവചനം. എൻഡിഎ 2 മുതൽ 4 സീറ്റുകൾ വരെ നേടും എന്നു സൂചന.
ആന്ധ്രാപ്രദേശിൽ ഇത്തവണ ബിജെപി കാര്യമായി നേട്ടമുണ്ടാക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നതാണ്. എന്നാൽ അതിഗംഭീര വിജയം എൻഡിഎ നേടുമെന്നാണ് ന്യൂസ് 18 ഉൾപ്പെടെയുള്ളവരുടെ കണക്കുകൾ. ആകെയുള്ള 25 സീറ്റുകളിൽ 19 മുതൽ 25 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നാണ് സൂചനകൾ.
തെലങ്കാനയിൽ ശക്തമായ ഏറ്റുമുട്ടലാണ് പ്രതീക്ഷിക്കുന്നത്. 7 മുതൽ 9 സീറ്റുകൾ വരെ എൻഡിഎയും അതുപോലെ ഇന്ത്യ സഖ്യവും നേടാൻ സധ്യതയുണ്ടെന്നാണ് സൂചന.
കേരളത്തിൽ യുഡിഎഫ് തരംഗമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യുഡിഎഫ് 17 മുതൽ 18 സീറ്റുകൾ വരെ നേടുമെന്നും ഇടതുപക്ഷം ഒരു സീറ്റിനപ്പുറം നേടാൻ സാധ്യതയില്ല എന്നും വിലയിരുത്തുന്ന മിക്ക സർവേകളും എൻഡിഎ 2 മുതൽ 3 സീറ്റുകൾ വരെ നേടാൻ സാധ്യതയുണ്ടെന്നും പറയുന്നു. പൂജ്യത്തിൽ നിന്നാണ് എൻഡിഎ മൂന്നു സീറ്റുകൾ നേടുന്നത്.
Exit poll predicts massive win for NDA