
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിനിടയിൽ നടന്ന ആന്ധ്ര പ്രദേശ്, ഒഡീഷ സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ഏക്സിറ്റ് പോൾ ഫലം പുറത്ത്. ആന്ധ്രയിൽ ജഗൻ സർക്കാർ നിലംപതിക്കുമെന്നും ഒഡീഷയിൽ ഇഞ്ചോടിഞ്ച് പോരാട്ടമെന്നുമാണ് ഇന്ത്യ ടുഡെ – ആക്സിസ് മൈ ഇന്ത്യ സർവെ ഫലം പറയുന്നത്. ആന്ധയിൽ ചന്ദ്രബാബു നായിഡുവിന്‍റെ നേതൃത്വത്തിൽ എൻ.ഡി.എ സഖ്യം അധികാരം പിടിക്കുമെന്നാണ് സർവെയുടെ പ്രവചനം.
എൻ ഡി എ സഖ്യം ആന്ധ്രയിൽ 98 മുതൽ 120 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം. വൈ എസ് ആർ കോൺഗ്രസ് 55 മുതൽ 77 വരെ സീറ്റുകളിൽ ഒതുങ്ങുമെന്നും സർവെ ചൂണ്ടികാട്ടുന്നു. തെലുങ്കുദേശം പാർട്ടി 78 മുതൽ 96 സീറ്റുകൾ വരെ നേടും. ബി ജെ പി ആറ് സീറ്റുകൾ വരെ നേടിയേക്കുമെന്നും സർവെ പറയുന്നു. ഇന്ത്യ സഖ്യത്തിന് കടുത്ത നിരാശയാകും ഫലമെന്നും സർവെ ചൂണ്ടികാട്ടിയിട്ടുണ്ട്. ജഗന്‍റെ സഹോദരി വൈ എസ് ശർമിളയെ മുൻനിർത്തിയുള്ള പോരാട്ടം ഏശിയില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ സഖ്യത്തിന് 2 സീറ്റുകൾ മാത്രമാകും സംസ്ഥാനത്ത് ലഭിക്കുകയെന്നാണ് പ്രവചനം.
അതേസമയം ഒഡീഷയിൽ നവിൻ പട്നായിക്കിന്‍റെ ബി ജെ ഡിയും മുൻ സഖ്യകക്ഷിയായ ബി ജെ പിയും തമ്മിൽ വമ്പൻ പോരാട്ടമെന്നാണ് സർവെ ചൂണ്ടികാട്ടുന്നത്. ഒഡിഷയിൽ 62 മുതൽ 80 സീറ്റുകൾ വരെയാണ് ബി ജെ ഡിക്ക് എക്സിറ്റ് പോൾ പ്രവചനം നൽകുന്നത്. ബി ജെ പിയുടെ കാര്യവും വ്യത്യസ്തമല്ല. കോൺഗ്രസാകട്ടെ അഞ്ച് മുതൽ എട്ട് വരെ സീറ്റുകൾ നേടിയേക്കുമെന്നും പ്രവചനമുണ്ട്.