എംപോക്‌സ് കോവിഡിന് സമാനമല്ല, തടയാനാകുമെന്ന് വിദഗ്ധര്‍

എംപോക്‌സ് അഥവാ മങ്കിപോക്‌സ് (കുരങ്ങു പനി) കോവിഡിന് സമാനമല്ലെന്നും നിയന്ത്രിക്കാനാകുമെന്നും വ്യാപനം തടയാനാകുമെന്നും വിദഗ്ദ്ധര്‍. എംപോക്‌സിന്റെ വ്യാപനം എങ്ങനെ നിയന്ത്രിക്കണമെന്ന് അധികാരികള്‍ക്ക് വ്യക്തമായി അറിയാമെന്ന് ലോകാരോഗ്യ സംഘടനയിലെ ആരോഗ്യ വിദഗ്ധനും യൂറോപ്പ് റീജിയണല്‍ ഡയറക്ടറുമായ ഡോ. ഹാന്‍സ് ക്ലൂഗെ വ്യക്തമാക്കി.

എംപോക്‌സ് വൈറസിന്റെ ഒരു പുതിയ വകഭേദത്തെക്കുറിച്ചുള്ള ആശങ്കയും ആഗോള ജാഗ്രതയും ഉയരുമ്പോഴാണ് ആശ്വാസ വാര്‍ത്ത എത്തുന്നത്. വാക്‌സിനുകള്‍ ഏറ്റവും ആവശ്യമുള്ള പ്രദേശങ്ങളില്‍ എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് ഉള്‍പ്പെടെ കൃത്യമായാല്‍ എംപോക്‌സിനെ കൂടുതല്‍ വ്യാപനമുണ്ടാക്കുന്നതില്‍ നിന്നും തടയാനാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

എംപോക്‌സിന്റെ പുതിയ വേരിയന്റായ ക്ലേഡ് ഐബിന്റെ ഒരു കേസ് കഴിഞ്ഞയാഴ്ച സ്വീഡനില്‍ സ്ഥിരീകരിച്ചിരുന്നു. ഇത് ആഫ്രിക്കയില്‍ വര്‍ദ്ധിച്ചുവരുന്ന രോഗവ്യാപനവുമായി കൂട്ടിവായിക്കുമ്പോള്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കോംഗോയില്‍ 450 പേരെയാണ് എംപോക്‌സ് കൊന്നൊടുക്കിയത്.

അതേസമയം, കൂടുതല്‍ എളുപ്പത്തില്‍ പടരുകയും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്കും നയിക്കുന്ന പുതിയ വേരിയന്റിനെക്കുറിച്ച് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. യുകെയില്‍ ക്ലേഡ് ഐബി കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതിന്റെ വ്യാപന തോത് കൂടുതലാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2022ല്‍, ആദ്യം യൂറോപ്പിലും പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിച്ച എംപോക്‌സിന് പിന്നില്‍ മറ്റൊരു വേരിയന്റായ ക്ലേഡ് II ആയിരുന്നു. പനിക്കും ചുണങ്ങിനും കാരണമാകുന്ന വൈറസ് ലൈംഗിക ബന്ധത്തിലൂടെയും പകരാം. മാത്രമല്ല രോഗികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതിലൂടെയും പകരും.

More Stories from this section

family-dental
witywide