ന്യൂഡല്‍ഹി: ചൊവ്വാഴ്ച ലെബനനെ നടുക്കിയ സ്ഫോടനങ്ങളിലേക്ക് വെളിച്ചം വീശുന്ന പുതിയ വിവരങ്ങള്ഡ പുറത്ത്. മാസങ്ങള്‍ക്ക് മുമ്പ് ലെബനീസ് ഗ്രൂപ്പായ ഹിസ്ബുള്ള ഓര്‍ഡര്‍ ചെയ്ത 5000 തായ്വാന്‍ നിര്‍മ്മിത പേജറുകളില്‍പ്പെട്ടവയാണ് പൊട്ടിത്തെറിച്ചതെന്നും ഇസ്രായേല്‍ മൊസാദ് ചാര ഏജന്‍സി ചെറിയ അളവില്‍ സ്ഫോടകവസ്തുക്കള്‍ പേജറുകളില്‍ സ്ഥാപിച്ചതായും മുതിര്‍ന്ന ലെബനന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജന്‍സിയാണ് മൊസാദ്. 1951 ഏപ്രിലില്‍ രൂപവത്കരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെല്‍ അവീവാണ്. അമേരിക്കയുടെ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സിയോടും ബ്രിട്ടന്റെ എം.ഐ. 6 നോടും കിടപിടിക്കുന്ന ലോകത്തിലെ പ്രമുഖ ചാരസംഘടനയാണിത്. ഇസ്രായേലിന്റെ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കുമായി മൊസാദ് നിലകൊള്ളുന്നു.
മൊസാദ്, ഉപകരണത്തിനുള്ളില്‍ ഒരു ബോര്‍ഡ് കുത്തിവച്ചിട്ടുണ്ട്, അതില്‍ ഒരു കോഡ് ലഭിക്കുന്ന മൂന്ന് ഗ്രാം വരെ സ്ഫോടകവസ്തുക്കള്‍ ഉണ്ട്. ഏതെങ്കിലും ഉപകരണമോ സ്‌കാനറോ ഉപയോഗിച്ച് പോലും ഇത് കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടാണ്. സ്‌ഫോടകവസ്തുക്കള്‍ സജീവമാക്കി കോഡ് ചെയ്ത സന്ദേശം അയച്ചപ്പോള്‍ 3,000 പേജറുകള്‍ പൊട്ടിത്തെറിച്ചതായാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.
തായ്വാന്‍ ആസ്ഥാനമായുള്ള ഗോള്‍ഡ് അപ്പോളോ നിര്‍മ്മിച്ച 5,000 പേജറുകളാണ് പൊട്ടിത്തെറിച്ചതെന്ന് നിരവധി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേല്‍ ലൊക്കേഷന്‍ ട്രാക്കിംഗില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ ഹിസ്ബുള്ള പോരാളികള്‍ ആശയവിനിമയത്തിനുള്ള കുറഞ്ഞ സാങ്കേതിക മാര്‍ഗമായി പേജറുകള്‍ ഉപയോഗിക്കുന്നു. മറ്റ് പേജറുകളെ പോലെ വയര്‍ലെസ് ആയി ടെക്സ്റ്റ് മെസേജുകള്‍ സ്വീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുമെങ്കിലും ടെലിഫോണ്‍ കോളുകള്‍ ചെയ്യാന്‍ സാധിക്കാത്ത AP924 എന്ന പേജര്‍ മോഡലിന്റെ ഒരു ഫോട്ടോ മുതിര്‍ന്ന ലെബനീസ് സെക്യൂരിറ്റി സ്രോതസ്സ് തിരിച്ചറിഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലെബനനിലുടനീളം ആയിരക്കണക്കിന് പേജറുകള്‍ പൊട്ടിത്തെറിക്കുകയും ഒമ്പത് പേര്‍ കൊല്ലപ്പെടുകയും ഗ്രൂപ്പിന്റെ പോരാളികളും ബെയ്റൂട്ടിലെ ഇറാന്റെ പ്രതിനിധിയും ഉള്‍പ്പെടെ 3,000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച ഇസ്രായേല്‍ തന്നെയാണ് ആക്രമണത്തിന് പിന്നിലെന്നും, തിരിച്ചടിക്കുമെന്നും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്.