കാബൂളിൽ ചാവേർ സ്ഫോടനം, താലിബാൻ അഭയാർഥി മന്ത്രി ഖലീൽ ഹഖാനിയടക്കം 3 പേർ കൊല്ലപ്പെട്ടു

കാബൂൾ: താലിബാൻ സർക്കാരിലെ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനിയടക്കം 3 പേർ കാബൂളിലുണ്ടായ ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. അഫ്ഗാനിലെ ഭരണ അട്ടിമറിയിൽ നിർണായക പങ്കുവഹിച്ച താലിബാന്‍റെ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി. മന്ത്രാലയത്തിലെത്തിയ ഒരു അഭയാർഥി ചാവേറായി പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് വിവരം. താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം കൊല്ലപ്പെടുന്ന ആദ്യ പ്രമുഖ നേതാവാണ് ഖലീൽ ഹഖാനി.

മൂന്ന് വർഷം മുമ്പ് താലിബാൻ അധികാരം പിടിച്ചെടുത്ത ശേഷം അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏറ്റവും വലിയ ചാവേർ ആക്രമണം കൂടിയാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം നടന്നത്. ഖലീൽ ഹഖാനിയുടെ അംഗരക്ഷകനും മറ്റൊരാളുമാണ് ഖലീൽ ഹഖാനിക്ക് പുറമേ കൊല്ലപ്പെട്ടതെന്നാണ് വിവരം. തലസ്ഥാനത്ത് നടന്ന ചാവേർ സ്‌ഫോടനത്തിൽ താലിബാൻ അഭയാർഥി മന്ത്രി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. ചാവേർ സ്ഫോടനത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്. അതേസമയം സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

More Stories from this section

family-dental
witywide