പണി വരുന്നുണ്ട് അവറാച്ചാ!; തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിൻ്റെ ബയോപിക് യുഎസിലെ തിയറ്ററുകളിലേക്ക്

ലോസ് ഏഞ്ചൽസ്: ഡോണൾഡ് ട്രംപിൻ്റെ വിവാദ ജീവചരിത്ര സിനിമ ദി അപ്രന്റിസ് ഈ ഒക്ടോബറിൽ യുഎസ് തിയറ്ററുകളിൽ എത്തുമെന്ന് റിപ്പോർട്ട്.  ആദ്യ ഭാര്യ ഇവാനക്കെതിരായ ലൈംഗികാതിക്രമ രംഗങ്ങൾ ഉൾപ്പെടുന്ന ചിത്രം നേരത്തെ 77ാമത് അന്താരാഷ്ട്ര കാൻ ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു. ചിത്രത്തിനെതിരെ ട്രംപിന്റെ നിയമയുദ്ധം തുടരുന്നതിനിടെയാണ് ദി അപ്രന്റിസ് യുഎസിൽ റിലീസിനൊരുങ്ങുന്നത്.

ടൈനി ഇൻഡി സ്റ്റുഡിയോ ബ്രയാർക്ലിഫ് എൻ്റർടൈൻമെൻ്റ്, തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെയാണ് യുഎസ് പ്രേക്ഷകർക്കായി ദി അപ്രൻ്റിസ് പ്രദർശനത്തിനെത്തിക്കുന്നത്.

ഇറാനിയൻ – ഡാനിഷ് സംവിധായകൻ അലി അബ്ബാസി സംവിധാനം ചെയ്ത ചിത്രത്തിൽ 1970-80 കളിൽ ട്രംപ് റിയൽ എസ്റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലമാണ് ഉൾപ്പെടുത്തിയിരുന്നത്. ചിത്രത്തിൽ ആദ്യ ഭാര്യ ഇവാന ട്രംപുമായുള്ള വിവാഹമോചന സമയത്ത് ട്രംപ് ഭാര്യയെ ബലാത്സംഗം ചെയ്തതായും കാണിക്കുന്നുണ്ട്.

യഥാർത്ഥ ജീവിതത്തിൽ, വിവാഹമോചന നടപടിക്കിടെ ട്രംപ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് ഇവാന ആരോപിച്ചെങ്കിലും പിന്നീട് ആരോപണം റദ്ദാക്കി. 2022ലായിരുന്നു ഇവാനയുടെ മരണം. ട്രംപിന്റെ ശാരീരിക ബുദ്ധിമുട്ടുകളും ലിപ്പോസക്ഷന് വിധേയനാകുന്നതും മുടികൊഴിച്ചിലിന് ശസ്ത്രക്രിയയും നടത്തുന്നതും സിനിമയിൽ കാണിക്കുന്നു.

മേയിൽ “ദ അപ്രൻ്റീസ്” പ്രീമിയർ ചെയ്ത് മണിക്കൂറുകൾക്ക് ശേഷം, ട്രംപിൻ്റെ അഭിഭാഷകർ നിർമ്മാതാക്കൾക്കെതിരെ നിയമപരമായി നീങ്ങുമെന്ന് അറിയിച്ചിരുന്നു. ചിത്രത്തെ “മാലിന്യം” എന്നും “ശുദ്ധമായ അപകീർത്തിപ്പെടുത്തൽ” എന്നുമാണ് വിളിച്ചത്.