
ലണ്ടന്‍: ഗുജറാത്തില്‍ ദത്തുപുത്രനെ കൊലപ്പെടുത്തിയ കേസില്‍ യുകെയിലെ ഇന്ത്യന്‍ വംശജരായ ദമ്പതികളെ വിട്ടുകിട്ടാന്‍ ഇന്ത്യ ശ്രമിക്കുന്നതിനിടെ ഇരുവരും കൊക്കെയ്ന്‍ കയറ്റുമതി ചെയ്ത കുറ്റത്തിന് തടവിലായി. ഓസ്‌ട്രേലിയയിലേക്ക് അര ടണ്ണിലധികം കൊക്കെയ്ന്‍ കയറ്റുമതി ചെയ്ത കുറ്റത്തിനാണ് ദമ്പതികള്‍ 33 വര്‍ഷം വീതം തടവിന് ശിക്ഷിക്കപ്പെട്ടത്.
2021 മെയ് മാസത്തില്‍ സിഡ്നിയില്‍ എത്തിയ 57 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന കൊക്കെയ്ന്‍ ഓസ്ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്സ് പിടികൂടിയതിനെ തുടര്‍ന്നാണ് ഈലിങ്ങിലെ ഹാന്‍വെലില്‍ നിന്നുള്ള ആര്‍തി ധീര്‍ (59), കവല്‍ജിത്സിന്‍ഹ് റൈജാദ (35) എന്നിവരെ പിടികൂടിയത്.
ലോഹ ടൂള്‍ ബോക്‌സുകളുടെ കവറില്‍ വിമാനത്തിലാണ് മയക്കുമരുന്ന് കടത്തിയത്.
ഓസ്ട്രേലിയയിലേക്ക് കൊക്കെയ്ന്‍ കയറ്റുമതി ചെയ്യുന്നതും കള്ളപ്പണം വെളുപ്പിക്കുന്നതും ധീറും റൈജാദയും നിഷേധിച്ചുവെങ്കിലും വിചാരണയില്‍ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ക്ക് ഓസ്ട്രേലിയയില്‍ 57 ദശലക്ഷം പൗണ്ട് വില വരുമായിരുന്നു, ഇത് യുകെയിലേതിനേക്കാള്‍ കൂടുതലാണ്. ഇതുകൊണ്ടാണ് ഓസ്ട്രേലിയയില്‍ വില്‍ക്കാന്‍ ഇവര്‍ തീരുമാനിച്ചത്.
യുകെയില്‍, മൊത്തക്കച്ചവടത്തില്‍ ഒരു കിലോ കൊക്കെയ്ന്‍ വില ഏകദേശം 26,000 പൗണ്ടാണ്, എന്നാല്‍ ഓസ്‌ട്രേലിയയില്‍ അതേ തുക 110,000 പൗണ്ടാണ്.
പിടിച്ചെടുത്ത മയക്കുമരുന്ന് അടങ്ങിയ മെറ്റല്‍ ടൂള്‍ ബോക്‌സുകളിലെ പ്ലാസ്റ്റിക് കവറുകളില്‍ റൈജാദയുടെ വിരലടയാളം കണ്ടെത്തിയത് കേസില്‍ നിര്‍ണ്ണായകമായി, മാത്രമല്ല ടൂള്‍ബോക്‌സുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിന്റെ രസീതുകള്‍ ദമ്പതികളുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
2019 ജൂണ്‍ മുതല്‍ ഓസ്ട്രേലിയയിലേക്ക് 37 ചരക്കുകള്‍ അയച്ചിട്ടുണ്ടെന്നും അതില്‍ 22 എണ്ണം ഡമ്മി റണ്ണുകളാണെന്നും 15 എണ്ണം കൊക്കെയ്ന്‍ അടങ്ങിയതാണെന്നുമായിരുന്നു എന്‍സിഎയുടെ കേസ്.
2003 മാര്‍ച്ച് മുതല്‍ 2016 ഒക്ടോബര്‍ വരെ ഹീത്രൂവിലെ ഒരു ഫ്‌ലൈറ്റ് സര്‍വീസ് കമ്പനിയിലാണ് ധീര്‍ ജോലി ചെയ്തിരുന്നത്.