മുംബൈ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ പല കോണുകളില്‍ നിന്നും ആശങ്ക ഉയരുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാകുന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍.
മറ്റു പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്തമായാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലത്തെ ഇന്ത്യ കാണുന്നതെന്നും ഇന്ന് ഒരുപാട് രാജ്യങ്ങള്‍ യുഎസിനെക്കുറിച്ച് പരിഭ്രാന്തരാണെന്ന് എനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഇന്ത്യക്ക് ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നും മുംബൈയില്‍ സ്വകാര്യ ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
”പ്രസിഡന്റായ ശേഷം ട്രംപ് വിളിച്ച ആദ്യത്തെ 3 ഫോണ്‍ കോളുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉള്‍പ്പെടുന്നു. പ്രധാനമന്ത്രി മോദി യഥാര്‍ഥത്തില്‍ ഒന്നിലധികം യുഎസ് പ്രസിഡന്റുമാരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്. മോദി ആദ്യമായി യുഎസില്‍ എത്തിയപ്പോള്‍ ബറാക് ഒബാമ പ്രസിഡന്റായിരുന്നു. പിന്നീട് അത് ട്രംപായി. പിന്നെ അത് ബൈഡനായിരുന്നു. പ്രധാനമന്ത്രി ഈ ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സ്വാഭാവികമായ ചില കാര്യങ്ങളുണ്ട്. അത് രാജ്യത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്” – ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.