
ദില്ലി: ഇറാൻ – ഇസ്രയേൽ സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളിലേക്കും യാത്ര വിലക്കേർപ്പെടുത്തി ഇന്ത്യ. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യരുതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഈ രണ്ട് രാജ്യങ്ങളിലും നിലവിൽ താമസിക്കുന്നവർ എത്രയും വേഗം എംബസിയിൽ രജിസ്റ്റർ ചെയ്യണമെന്നും അറിയിപ്പുണ്ട്. ഇസ്രയേലിലും ഇറാനിലും താമസിക്കുന്ന പൗരൻമാർ അതീവ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നും നിർദേശമുണ്ട്.
സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയതിൽ തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരൻമാർക്ക് വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയത്. ഏപ്രിൽ ഒന്നിന് ഡമസ്കസിലെ എംബസി വളപ്പിലുണ്ടായ ആക്രമണത്തിൽ ഇറാന്റെ ഉന്നത ജനറലും മറ്റു ആറ് ഇറാനിയൻ സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടാകുമോയെന്ന ആശങ്കയിലാണ് ലോകം.