കുടിക്കാനും കുളിക്കാനും വെള്ളമില്ല, ഉള്ളതാകട്ടെ നീണ്ട ക്യൂ മാത്രം…ബെംഗളൂരുവില്‍ അതിരൂക്ഷ ജലക്ഷാമം

ബംഗളൂരു: ബെംഗളൂരു കടുത്ത ജലക്ഷാമം നേരിടുന്നു. നഗരത്തിലെ പലയിടത്തും കുഴല്‍ക്കിണറുകള്‍പോലും വറ്റിയതോടെ രൂക്ഷമായ ജലക്ഷാമം നേരിടുകയാണ് ഇന്ത്യയുടെ സിലിക്കണ്‍വാലി എന്നറിയപ്പെടുന്ന ബംഗളൂരു നഗരം. നിത്യവൃത്തിക്കായി വെള്ളം ലഭ്യമാക്കുന്ന ടാങ്കറുകളെ ആശ്രയിച്ചാണ് ഇവിടുത്തുകാര്‍ ഇപ്പോള്‍ ജീവിക്കുന്നതുതന്നെ. അതിനാകട്ടെ അമിത തുകയും നല്‍കേണ്ടി വരുന്നുണ്ട്.

വെള്ളത്തിനായി നീണ്ട ക്യൂവില്‍ നില്‍ക്കണമെന്നും ഒന്നിലധികം പാത്രങ്ങളുമായി വെള്ളം വാങ്ങാനെത്തിയാല്‍ അധികൃതര്‍ തങ്ങളെ തിരിച്ചയക്കുന്നുവെന്നും ആളുകള്‍ പരാതിപ്പെടുന്നു. അഞ്ചും ആറും അംഗങ്ങളും അതിലധികം ഉള്ളവരും ഒരു പാത്രം വെള്ളം കിട്ടിയിട്ട് എന്തുചെയ്യാനാകുമെന്ന് ആശങ്കപ്പെടുന്നു.

മൂന്ന് മാസത്തിലേറെയായി ബംഗളൂരുവില്‍ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. ആര്‍.ഒ പ്ലാന്റില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം ശേഖരിക്കാന്‍ പോലും നീണ്ട ക്യൂവുണ്ടാകും മാത്രമല്ല, ഒരാള്‍ക്ക് ഒരു ക്യാന്‍ മാത്രമേ അനുവദിക്കൂ. ഒരു ക്യാന്‍ വെള്ളത്തിന് 600-1000 രൂപ ഈടാക്കിയിരുന്ന സ്വകാര്യ ടാങ്കറുകള്‍ ഇപ്പോള്‍ 2000 രൂപയിലധികം ഈടാക്കുന്നതായും ഇവിടുത്തെ താമസക്കാര്‍ പരാതിപ്പെടുന്നു.

സ്വകാര്യ ടാങ്കറുകളോട് വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ തങ്ങളുടെ പ്രദേശത്തേക്കുള്ള വരവ് നിര്‍ത്തിയതായും ചിലര്‍ ചൂണ്ടിക്കാട്ടി.

ബംഗളൂരുവിലെ പല സൊസൈറ്റികളിലും കുടിവെള്ളം ദുരുപയോഗം ചെയ്തതിന് 5000 രൂപ പിഴ ഈടാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. അത്രയ്ക്കുണ്ട് ജലക്ഷാമം. എന്തുവിലകൊടുത്തും ബംഗളൂരുവില്‍ വെള്ളം എത്തിക്കുമെന്ന് പ്രഖ്യാപിച്ച കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ബംഗളൂരുവിലെ എല്ലാ പ്രദേശങ്ങളിലും ജലപ്രശ്‌നമുണ്ടെന്നും പറഞ്ഞു. തന്റെ വീടിന്റെ കുഴല്‍ക്കിണറും വറ്റിയതായും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടി.

ബംഗളൂരു നഗരത്തിലെ ആവശ്യങ്ങള്‍ക്കുള്ള വെള്ളം എത്തുന്നത് കാവേരി നദിയില്‍ നിന്നാണ്. ഇതാനായി പ്രതിദിനം 145 കോടി ലിറ്റര്‍ വെള്ളമാണ് കാവേരിയില്‍ നിന്നും ബംഗളൂരുവിന് ലഭിക്കുന്നത്. എന്നാല്‍, ബംഗളൂരുവിന് പ്രതിദിനം 168 കോടി ലിറ്റര്‍ വെള്ളമാണ് വേണ്ടത്. മഴ കുറഞ്ഞതിനാല്‍ കാവേരി നദിയിലെ ജലനിരപ്പ് കുറഞ്ഞുവരുന്നത് ബംഗളൂരുവിലേക്ക് എത്തുന്ന ജലത്തിന്റെ അളവിനെയും ബാധിക്കുന്നു. കുടിവെള്ളം മാത്രമല്ല, വളര്‍ത്തുമൃഗങ്ങള്‍ക്കോ കൃഷിക്കോപോലും ആവശ്യത്തിന് ജലം ലഭിക്കുന്നില്ല. കുഴല്‍ക്കിണറുകളടക്കം വറ്റിയതും ഗാര്‍ഹിക ആവശ്യങ്ങളെ വല്ലാതെ തളര്‍ത്തുന്നുണ്ട്. ഇതോടെ ദിനം പ്രതി ഗുരുതരമാകുന്ന പ്രശ്‌നമായി ജലവെള്ളക്ഷാമം മാറുന്നു.