ന്യൂയോർക്ക് സിറ്റി: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന അപവാദങ്ങൾക്കും വ്യക്തിഹത്യകൾക്കുമെതിരെ തുറന്നടിച്ച് ഹാരി രാജകുമാരന്റെ ഭാര്യയും നടിയുമായ മേഗൻ മാർക്കിൾ. അന്താരാഷ്‌ട്ര വനിതാ ദിനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മുഖ്യ പ്രഭാഷകയായ മേഗൻ മാർക്കിൾ, താൻ ആർച്ചിയെയും ലിലിബെറ്റിനെയും ഗർഭം ധരിച്ച കാലത്തു പോലും തനിക്കെതിരെ ഭീഷണികളും വ്യക്തിഹത്യകളും ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു.
ഓൺലൈൻ ഇടപെടലുകളുടെ മനുഷ്യത്വരഹിതമായ സ്വഭാവത്തെക്കുറിച്ച് മേഗൻ മാർക്കിൾ തൻ്റെ ആശങ്ക പ്രകടിപ്പിച്ചു. ചില മാധ്യമങ്ങളിലും ഡിജിറ്റൽ മേഖലയിലും ആളുകൾ മനുഷ്യത്വം മറന്നു എന്ന് അവർ അഭിപ്രായപ്പെട്ടു.
“ആർച്ചിയെയും ലില്ലിയെയും ഗർഭം ധരിച്ചിരുന്ന കാലത്താണ് സോഷ്യൽ മീഡിയയിലും ഓൺലൈനിലും ഞാൻ ഏറ്റവും കൂടുതൽ ഭീഷണികളും വ്യക്തിഹത്യകളും അനുഭവിച്ചത്. നിങ്ങൾ ആലോചിച്ചു നോക്കൂ, ആളുകൾ എന്തിനാണ് ഇത്ര വെറുപ്പ് കാണിക്കുന്നത്? ഇത് ക്രൂരമാണ്.”
തൻ്റെ സന്തോഷത്തിനും സമാധാനത്തിനുമായി അത്തരം കമന്റുകളിൽ നിന്ന് ബോധപൂർവ്വം അകന്നുനിൽക്കുന്നുവെന്നും മേഗൻ വെളിപ്പെടുത്തി.
രാജകുടുംബത്തില്‍ നിന്ന് വേര്‍പിരിഞ്ഞ ശേഷം ഹാരിയും മേഗനും പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് അപൂര്‍വമാണ്. കാലിഫോര്‍ണിയയിലെ ആര്‍ക്കിവെല്‍ ഫൗണ്ടേഷനിലൂടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് ദമ്പതികള്‍.
“നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് മോശമായി എന്തെങ്കിലും വായിക്കാനിടയായാൽ, എന്തിനാണ് അത് നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവയ്ക്കുന്നത്? ഇത് നിങ്ങളുടെ സുഹൃത്തോ അമ്മയോ മകളോ ആയിരുന്നെങ്കിൽ നിങ്ങൾ അത് ചെയ്യില്ലായിരുന്നു.” നാം കുറച്ചുകൂടി മനുഷ്യത്വം കാണിക്കേണ്ടതുണ്ടെന്ന് മേഗൻ അഭിപ്രായപ്പെട്ടു.