ലഖ്നൗ : അടിയന്തരാവസ്ഥയ്ക്ക് 50 വര്‍ഷം പിന്നിട്ട വേളയില്‍ കോണ്‍ഗ്രസിനുള്ളിലെ മുഖങ്ങള്‍ മാറിയെങ്കിലും അവരുടെ സ്വഭാവവും രീതികളും അതേപടി തുടരുന്നുവെന്ന് വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഇന്ത്യയുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ഇരുണ്ട അധ്യായമാണ് കൃത്യം 50 വര്‍ഷം മുമ്പ് നടന്നതെന്നും ഭരണഘടനയെ കഴുത്തു ഞെരിച്ച് ജനാധിപത്യത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയെന്നും യോഗി വിമര്‍ശനമുന്നയിച്ചു.
അടല്‍ ബിഹാരി വാജ്പേയി, മൊറാര്‍ജി ദേശായി, ജയപ്രകാശ് നാരായണ്‍, ലാല്‍ കൃഷ്ണ അദ്വാനി തുടങ്ങിയ പ്രതിപക്ഷ നേതാക്കളെയെല്ലാം പൂട്ടിയിട്ട് ജനാധിപത്യത്തിന്റെ കഴുത്ത് ഞെരിച്ച് കൊല്ലാനാണ് അവര്‍ ശ്രമിച്ചതെന്നും യോഗി ആദിത്യനാഥ് കോണ്‍ഗ്രസിനെ കടന്നാക്രമിച്ചു. 50 വര്‍ഷമായി, കോണ്‍ഗ്രസിന്റെ മുഖങ്ങള്‍ മാറി, പക്ഷേ അതിന്റെ സ്വഭാവവും രീതികളും 1975-ല്‍ കണ്ടത് പോലെ തന്നെയാണ് എന്ന് പറഞ്ഞ അദ്ദേഹം, അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ കഴുത്തുഞെരിച്ചുവെന്നും ആഞ്ഞടിച്ചു.