
ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ രാവിലെ കണ്ടെത്തിയ ബോംബ് ഭീഷണി വ്യാജം. ബോംബ് സ്ഫോടന സന്ദേശത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം ഒഴിപ്പിക്കുകയും സമഗ്രമായ പരിശോധന നടത്തുകയും ചെയ്തിരുന്നു.
176 യാത്രക്കാരുമായി 6E2211 എന്ന വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുലര്‍ച്ചെ 5 മണിക്കാണ് പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, അര മണിക്കൂറിനുള്ളില്‍ ബോംബ് പൊട്ടുമെന്ന സന്ദേശമുള്ള ടിഷ്യു പേപ്പര്‍ ശുചിമുറിയില്‍ നിന്നും കണ്ടെത്തിയതിനെ തുടര്‍ന്ന് പുറപ്പെടുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് യാത്ര റദ്ദാക്കുകയായിരുന്നു.
എല്ലാ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ ഇറക്കി സുരക്ഷിതരാക്കിയിരുന്നു. വിമാനം ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പരിശോധന വ്യാപകമാക്കുകയും ഭീഷണി വ്യാജമാണെന്നും അധികൃതര്‍ കണ്ടെത്തി.