ചെന്നൈ: യുഎസ് വിസ ലഭിക്കാൻ മദ്രാസ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കി നൽകിയ കേസിൽ എറണാകുളം സ്വദേശിനി ഷാജിനമോളെ (36) ചെന്നൈ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. വിസ ലഭിക്കാൻ മലയാളി വിദ്യാർഥി സമർപ്പിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നു കണ്ടെത്തിയ യുഎസ് കോൺസുലേറ്റ് റീജനൽ സെക്യൂരിറ്റി ഓഫിസറാണ് പരാതി നൽകിയത്.
കടവന്ത്രയിലെ റിസ് റോയൽ അക്കാദമിയിൽ നിന്നാണു സർട്ടിഫിക്കറ്റ് ലഭിച്ചതെന്നു വിദ്യാർഥി മൊഴി നൽകിയതോടെ എറണാകുളത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.
എംബിഎ ബിരുദധാരിയായ ഷാജിനയിൽ നിന്ന് അണ്ണാമലൈ, എംജി സർവകലാശാലകളുടെ ഉൾപ്പെടെ വ്യാജ സർട്ടിഫിക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.