ക്യാന്‍സറിന് മുതല്‍ കൊളസ്‌ട്രോളിനുവരെ വ്യാജ മരുന്ന്! രാജ്യ തലസ്ഥാനത്ത് പിടിമുറുക്കി വ്യാജമരുന്നു റാക്കറ്റുകള്‍

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തിന് വലിയ തലവേദനയായി വ്യാജ മരുന്ന് റാക്കറ്റുകള്‍ പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നും 4 കോടിയുടെ വ്യാജ ക്യാന്‍സര്‍ മരുന്നുകളാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ക്യാന്‍സര്‍ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ വിഭാഗത്തില്‍പ്പെടുന്ന വിലയേറിയ മരുന്നുകളാണ് വ്യാജമായി നിര്‍മ്മിച്ച് വിറ്റിരുന്നത്. മാത്രമല്ല, നൂറു രൂപ വിലവരുന്ന ആന്റി ഫംഗല്‍ മരുന്നുകളാണ് ഇത്തരത്തില്‍ ജീവന്‍ രക്ഷാ മരുന്നെന്ന വ്യാജേന വലിയ തുകയ്ക്ക് നല്‍കിയിരുന്നത്.

കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ഏഴ് ഇന്റര്‍ നാഷണല്‍ ബ്രാന്‍ഡുകളും രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളും അടക്കം നാലുകോടിയുടെ വ്യാജമരുന്നാണ് പിടിച്ചെടുത്തത്. ആശുപത്രി ജീവനക്കാരടക്കം ഏഴ് പേരെയാണ് ഈ കേസില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തത്. എന്നാല്‍ ക്യാന്‍സറിനുള്ള മരുന്ന് മാത്രമല്ല ഇത്തരത്തില്‍ വ്യാജമായി നിര്‍മ്മിക്കുന്നത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള ഗുളികകള്‍, ടൈപ്പ് 2 പ്രമേഹത്തിന്റെയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന്റെയും ഗുളികകള്‍…അങ്ങനെ നീളുന്നു ഒറിജിനലിനെ വെല്ലുന്ന വ്യാജന്റെ വളര്‍ച്ച.

വ്യാജ മരുന്നുകള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുറഞ്ഞത് ഒമ്പത് വ്യാജ മരുന്ന് റാക്കറ്റുകള്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ട്. മൊത്തക്കച്ചവടക്കാരും ചില്ലറ വ്യാപാരികളും രോഗികള്‍ക്ക് വില്‍ക്കുന്ന വ്യാജ മരുന്നുകളില്‍ സംശയത്തിനിട നല്‍കാതെ യഥാര്‍ത്ഥ സ്ഥാപനത്തിന്റെ വ്യാജ ലേബലുകള്‍ പതിപ്പിച്ചാണ് വില്‍പന നടത്താറുള്ളത്. മാത്രമല്ല, ക്യാന്‍സര്‍ മരുന്നുകളുടെ ഒഴിഞ്ഞ കുപ്പികളിലും മറ്റുമാണ് വീണ്ടും പാക്കിംഗ് നടക്കുന്നത്. ഇതും വ്യാജനെ കണ്ടെത്താന്‍ പ്രയാസമുണ്ടാക്കുന്നു.

കോവിഡ് പകര്‍ച്ചവ്യാധിയുടെ സമയങ്ങളില്‍ പരിശോധനകളില്‍ വന്ന അയവിനു ശേഷമാണ് ഇത്തരം കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ഡല്‍ഹി മാര്‍ക്കറ്റുകളിലും പ്രത്യേകിച്ച് അതിര്‍ത്തി പ്രദേശങ്ങളിലും ഉത്തരേന്ത്യയിലെ പല നഗരങ്ങളിലുമാണ് വ്യാജ മരുന്നുകള്‍ പ്രചരിക്കുന്നത്. മാത്രമല്ല, നഗരങ്ങളിലും ഗ്രാമങ്ങളിലും, ഡല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളിലും മരുന്നുകളുടെ ബില്ലിംഗ് ശരിയായി നടക്കാത്ത ഇടങ്ങളിലും വ്യാജന്‍ വളരുന്നു.

വ്യാജ മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളമുള്ള ചില്ലറ വ്യാപാരികളും മൊത്തക്കച്ചവടക്കാരും തമ്മില്‍ ബന്ധമുള്ളതായി സംശയിക്കുന്നതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. പിടിയിലായവര്‍ക്കെതിരെ 1940 ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിലെ ശക്തമായ വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്നും മൊത്തവ്യാപാരികളുടെ ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധനയ്ക്കായി മതിയായ ഉദ്യോഗസ്ഥരില്ലാത്തതും പരിശോധനയില്‍ വീഴ്ച വരുന്നതും വ്യാജ മരുന്നു നിര്‍മ്മാണ സംഘങ്ങളെ വളര്‍ത്തുന്നുണ്ട്.

More Stories from this section

family-dental
witywide