മുതിർന്ന സുപ്രീം കോടതി അഭിഭാഷകനുംഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നിയമജ്ഞരിൽ ഒരാളുമായ ഫാലി എസ് നരിമാൻ അന്തരിച്ചു. 95 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട ഒരു നിയമജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. 1971 മുതൽ, ഇന്ത്യൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇന്ത്യൻ നിയമവ്യവസ്ഥയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. 1991 മുതൽ 2010 വരെ ബാർ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡൻ്റായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ എന്നിവ നല്കി ആദരിച്ചിട്ടുണ്ട്. രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു ഫാലി എസ് നരിമാന്‍. സുപ്രീം കോടതി മുൻ ജഡ്ജി റോഹിങ്ടൺ നരിമാൻ മകനാണ്.
ബോംബെ ഹൈക്കോടതിയിലാണ് അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചത്. 1972-1975 അഡീഷണൽ സോളിസിറ്റർ ജനറൽ ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ പദവി രാജിവെച്ചു.
1971 മുതൽ, ഇന്ത്യൻ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായി അദ്ദേഹം സേവനമനുഷ്ഠിച്ച ഫാലി എസ് നരിമാൻ നിരവധി സുപ്രധാനമായ കേസുകളുടെ ഭാഗമായിട്ടുണ്ട്. ഇവയിൽ പലതും ഇന്ത്യയുടെ നിയമചരിത്രത്തിൽ ഇടം പിടിച്ചതുമാണ്. സുപ്രീംകോർട്ട് AoR അസോസിയേഷൻ കേസ്, ഗോളക്നാഥ് കേസ്, എസ്പി ഗുപ്ത കേസ്, ടിഎംഎ പൈ കേസ്, ഭോപ്പാൽ വാതക ദുരന്ത കേസ് തുടങ്ങിയവ ഇവയിൽ ചിലതാണ്.
ഗുജറാത്തിലെ നർമദാ അണക്കെട്ടുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനുവേണ്ടി വാദിച്ച നരിമാൻ, കേസിനിടയ്ക്ക് പ്രദേശത്തെ ക്രിസ്തുമതവിശ്വാസികൾ ആക്രമിക്കപ്പെട്ടതിലും ബൈബിൾ കത്തിച്ചതിലുമൊക്കെ പ്രതിഷേധിച്ച് വക്കാലത്തിൽ നിന്ന് പിൻവാങ്ങി. ഭോപ്പാലിൽ വാതക ദുരന്തമുണ്ടായപ്പോൾ അന്ന് യൂണിയൻ കാർബൈഡ് എന്ന വിദേശ കമ്പനിക്കുവേണ്ടിയാണ് അദ്ദേഹം ഹാജരായത്. കേന്ദ്ര സർക്കാരിനും ഇരകൾക്കും എതിരെ ഹാജരായത് തെറ്റായ തീരുമാനമായെന്ന് അദ്ദേഹം പിന്നീട് സമ്മതിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മനുഷ്യാവകാശ- പൗരാവകാശ വിഷയങ്ങളിൽ ഉറച്ച നിലപാടുകൾ സ്വീകരിച്ചിരുന്ന അദ്ദേഹം ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ അനുകൂലിച്ച സുപ്രീംകോടതി വിധിക്കെതിരെ ഉൾപ്പെടെ നിലപാടെടുത്തിരുന്നു.
അദ്ദേഹത്തിൻ്റെ ആത്മകഥയായ “ബിഫോർ മെമ്മറി ഫേഡ്സ്” വ്യാപകമായി വായിക്കപ്പെട്ട ഒരു പുസ്തകമാണ്. “ദി സ്റ്റേറ്റ് ഓഫ് നേഷൻ”, “ഗോഡ് സേവ് ദി ഹോണബിൾ സുപ്രീം കോടതി” എന്നിവയാണ് അദ്ദേഹത്തിൻ്റെ മറ്റ് പുസ്തകങ്ങൾ.
Fali S Nariman passed Away