ന്യൂഡൽഹി: ഭീകരവാദികളെ ഉന്മൂലനം ചെയ്യാൻ ഇന്ത്യ, പാക്കിസ്ഥാനിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുന്നുണ്ടെന്ന യുകെ ദിനപ്പത്രമായ ദി ഗാർഡിയന്റെ റിപ്പോർട്ടിലുള്ള ആരോപണങ്ങൾ നിഷേധിച്ച് വിദേശകാര്യ മന്ത്രാലയം. തീർത്തും തെറ്റായ റിപ്പോർട്ട് ആണ് ഇതെന്നും, ദുരുദ്ദേശത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചരണമാണ് നടന്നതെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2019ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ഇത്തരത്തിൽ 20 കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ, പാകിസ്ഥാൻ നൽകിയ തെളിവുകളുടെയും അതിർത്തിയുടെ ഇരുവശത്തുമുള്ള ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുമായുള്ള അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് പറയുന്നത്.
പേരു വെളിപ്പെടുത്താത്ത ഇന്ത്യൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ദി ഗാർഡിയന്റെ റിപ്പോർട്ട്. ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിൽ നിന്നും റഷ്യയുടെ കെജിബിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഇന്ത്യ വിദേശ മണ്ണിൽ നടന്ന നിയമവിരുദ്ധ കൊലപാതകങ്ങൾ നടത്തുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2018 ൽ സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകവും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
‘ചില കൊലപാതകങ്ങളിന്മേൽ പാക് അധികൃതർ തെളിവുകൾ ഹാജരാക്കിയിട്ടുണ്ട്. എന്നാൽ ഇനി അത് പരിശോധിക്കാൻ സാധിക്കില്ല. യുഎഇയിലുള്ള റോയുടെ സ്ലീപ്പർ സെല്ലുകളാണ് ഇത്തരം കൊലപാതകങ്ങൾക്ക് പിന്നിലെന്നും പാക് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ടെന്ന്’ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾക്കെതിരെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തുകയായിരുന്നു. ഇന്ത്യാ വിരുദ്ധ പ്രചരണം മാത്രമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.