നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ ഈ വര്‍ഷത്തെ ഫാമിലി & യൂത്ത് കോണ്‍ഫറന്‍സിലെത്തുന്നത് പ്രമുഖരായ പ്രഭാഷകര്‍. അഭിവന്ദ്യ സഖറിയ മാര്‍ നിക്കളാവോസ് മെത്രാപ്പൊലീത്ത, ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് മീനടം, ഫാ. സെറാഫിം മജ് മുദാര്‍, ഫാ. ജോയല്‍ മാത്യു എന്നിവര്‍ കോണ്‍ഫറന്‍സില്‍ പ്രഭാഷകരായി നിറസാന്നിധ്യമറിയിക്കും. 2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലാന്‍കറിലെ വിന്‍ധം റിസോര്‍ട്ടിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്.
മലങ്കര സഭയിലെ സുവിശേഷ പ്രാസംഗികരുടെ ശ്രേണിയില്‍ പ്രശസ്തമായ മുഖമാണ് കോട്ടയം ഭദ്രാസനത്തിലെ മീനടം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ഇടവകാംഗമായ ഫാ.ഡോ. വര്‍ഗീസ് വര്‍ഗീസിന്റേത്. നിലവില്‍ പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗമായും ഓര്‍ത്തഡോക്‌സ് സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ ഡയറക്ടറായും സേവനമനുഷ്ഠിക്കുകയാണ്.
അമേരിക്കയിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയുടെ സാന്‍ ഫ്രാന്‍സിസ്‌കോ മെട്രോപോളിസില്‍ നിന്നുള്ള പുരോഹിതനായ സെറാഫിം മജ് മുദാര്‍ കാലിഫോര്‍ണിയയിലെ സെന്റ് ലോറന്‍സ് ഓര്‍ത്തഡോക്സ് പള്ളിയിലെ വൈദികനായി സേവനം അനുഷ്ഠിക്കുന്നു. ഗുജറാത്തി കുടിയേറ്റ മാതാപിതാക്കളുടെ മകനായ അദ്ദേഹം ഹിന്ദു മതത്തിലാണ് വളര്‍ന്നത്. ഓര്‍ത്തഡോക്‌സ് വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്ത അദ്ദേഹം ഒടുവില്‍ ഒരു പുരോഹിതനായി നിയമിക്കപ്പെട്ടു.
യുവാക്കള്‍ക്കിടയില്‍ നടത്തുന്ന വിശിഷ്ട സേവനം മൂലം ശ്രദ്ധേയമായ വ്യക്തിത്വമാണ് ഫാ. ജോയല്‍ മാത്യു. അദ്ദേഹം അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ ഫാര്‍മേഴ്‌സ് ബ്രാഞ്ച് സെന്റ്‌റ് മേരീസ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ അംഗമാണ്. 2011-ല്‍ സെന്റ് ടിഖോണ്‍സ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ദിവ്യത്വത്തില്‍ ബിരുദം നേടി. നിലവില്‍ ടെക്‌സസിലെ ഡാളസ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്നു.
കോണ്‍ഫറന്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.