ന്യൂയോര്‍ക്ക്: സഫേണ്‍ സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ജനുവരി 21 ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിന്റെ കിക്കോഫ് മീറ്റിംഗ് നടന്നു. ഇടവക വികാരി ഫാ. ഡോ. രാജു വര്‍ഗീസ് കോണ്‍ഫറന്‍സ് ടീമിനെ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് സെക്രട്ടറി ചെറിയാന്‍ പെരുമാള്‍, ജോയിന്റ് സെക്രട്ടറി ഷിബു തരകന്‍, ഫൈനാന്‍സ് ആന്‍ഡ് മെഡിക്കല്‍ കമ്മിറ്റി മെമ്പര്‍ ഷെറിന്‍ എബ്രഹാം, എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി അംഗം ഐറിന്‍ ജോര്‍ജ്, ഫൈനാന്‍സ് കമ്മിറ്റി അംഗങ്ങള്‍ ഫിലിപ്പ് തങ്കച്ചന്‍, ഹന്ന ജേക്കബ് തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
ഇടവകാംഗമായ കോണ്‍ഫറന്‍സ് കമ്മിറ്റിയംഗം മത്തായി ചാക്കോ ടീം അംഗങ്ങളെ പരിചയപ്പെടുത്തി. മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗം സജി എം. പോത്തന്‍ കോണ്‍ഫറന്‍സിന്റെ സവിശേഷതകളെ കുറിച്ച് സംസാരിച്ചു. ഈ വര്‍ഷത്തെ ഫാമിലി/ യൂത്ത് കോണ്‍ഫറന്‍സിന്റെ വിശദാംശങ്ങളെ കുറിച്ച് കോണ്‍ഫറന്‍സ് സെക്രട്ടറി ചെറിയാന്‍ പെരുമാള്‍ സംസാരിച്ചു. ഈ കോണ്‍ഫറന്‍സില്‍ ക്വയറിന് നേതൃത്വം നല്‍കുന്ന രാജു വര്‍ഗീസ് അച്ചന്റെയും മുന്‍ കോണ്‍ഫറന്‍സ് സെക്രട്ടറി സൂസന്‍ വര്‍ഗീസ് കൊച്ചമ്മയുടെയും പ്രവര്‍ത്തനങ്ങളെ അദ്ദേഹം വളരെയധികം അഭിനന്ദിച്ചു.
കോണ്‍ഫറന്‍സ് 2024 ജൂലൈ 10 മുതല്‍ 13 വരെ പെന്‍സില്‍വേനിയ ലങ്കാസ്റ്ററിലെ വിന്‍ധം റിസോര്‍ട്ടിലാണ് നടക്കുന്നത്. സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ജനറലും പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയുമായ ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓര്‍ത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികന്‍ ഫാ. ജോയല്‍ മാത്യുവും യുവജന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.
‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തിലൂന്നി ”ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളില്‍ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്യര്‍ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം. ബൈബിള്‍, വിശ്വാസം, സമകാലിക വിഷയങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേകം സെഷനുകള്‍ ഉണ്ടായിരിക്കും.
ഷിബു തരകന്‍ രജിസ്‌ട്രേഷന്റെ വിശദാംശങ്ങളെ കുറിച്ച് സംസാരിച്ചു. സമ്പന്നമായ ക്രിസ്തീയ അനുഭവത്തിനായും വിനോദത്തിനും വിശ്രമത്തിനുമുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്താനും ക്വയറില്‍ പങ്കെടുക്കുന്നവര്‍ നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യണമെന്നും ഓര്‍മിപ്പിച്ചു. സമ്മേളനത്തിന്റെ അനുസ്മരണാര്‍ത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെക്കുറിച്ച് ഫിലിപ്പ് തങ്കച്ചന്‍ സംസാരിച്ചു. 2024 മാര്‍ച്ച് അവസാനത്തോടെ സുവനീറിലേക്കുള്ള സര്‍ഗാത്മക സൃഷ്ടികള്‍, പരസ്യങ്ങള്‍ എന്നിവ അയച്ചുതരണമെന്ന് അഭ്യര്‍ത്ഥിച്ചു.
റാഫിള്‍ ടിക്കറ്റിന്റെ വിലയെക്കുറിച്ചും അതിന്റെ ആകര്‍ഷകമായ സമ്മാനങ്ങളെപ്പറ്റിയും കോണ്‍ഫറന്‍സ് മെഡിക്കല്‍ ടീം അംഗം ഡോ. റിബേക്ക പോത്തന്‍ സംസാരിച്ചു. സ്പോണ്‍സര്‍ഷിപ്പ്, രജിസ്ട്രേഷന്‍, പരസ്യങ്ങള്‍, ആശംസകള്‍ എന്നിവയിലൂടെ കോണ്‍ഫറന്‍സിന് പിന്തുണ നല്‍കാനുള്ള അവസരങ്ങളെപ്പറ്റി ഷെറിന്‍ എബ്രഹാം വിശദീകരിച്ചു. കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് നടക്കുന്ന എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാമില്‍ ഇടവകകള്‍ക്ക് പങ്കെടുക്കുന്നതിനുള്ള അവസരങ്ങളെ കുറിച്ച് ഐറിന്‍ ജോര്‍ജ് സംസാരിച്ചു. ഹന്ന ജേക്കബ് ഫാമിലി കോണ്‍ഫറന്‍സിലെ തന്റെ അനുഭവങ്ങളും കോണ്‍ഫറന്‍സില്‍ കണ്ടെത്താനും പഠിക്കാനും ആഗ്രഹിക്കുന്ന ആവേശകരമായ കാര്യങ്ങളും പങ്കുവെച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് വികാരിയോടൊപ്പം സെക്രട്ടറി ജെറമിയ ജയിംസ്, ജോയിന്റ് ട്രഷറര്‍ അജിത്ത് എബ്രഹാം എന്നിവര്‍ സുവിനീറിനുള്ള സംഭാവന കൈമാറി. ഫാ. ഡോ. രാജു വര്‍ഗീസ് ആദ്യത്തെ സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി. സജി എം. പോത്തന്‍, ജോര്‍ജ് താമരവേലില്‍, ബെന്‍ ചെറിയാന്‍, ലിജു പോള്‍, സാജു ജോര്‍ജ്. എലിസബത്ത് വര്‍ഗീസ്, സജി കെ പോത്തന്‍, ജോണ്‍ വര്‍ഗീസ്, ജോണ്‍ ജേക്കബ്, ബെന്നി കുര്യന്‍, ഫിലിപ്പോസ് ഫിലിപ്പ് എന്നിവരും തങ്ങളുടെ സ്‌പോണ്‍സര്‍ഷിപ്പ് കൈമാറി. കൂടാതെ ഇടവകയില്‍ നിന്നുള്ള ധാരാളം അംഗങ്ങള്‍ കോണ്‍ഫറന്‍സിനായി രജിസ്റ്റര്‍ ചെയ്തും സുവനീറില്‍ പരസ്യങ്ങളും ആശംസകളും നല്‍കിയും ഉദാരമായി സഹകരിച്ചു.
ഫിലിപ്പോസ് ഫിലിപ്പ് (മുന്‍ മലങ്കര സഭാ മാനേജിംഗ് കമ്മിറ്റി അംഗം/ഭദ്രാസന കൗണ്‍സില്‍ അംഗം) കിക്കോഫിന് ചുക്കാന്‍ പിടിച്ചു. ഇടവക സന്ദര്‍ശനം വന്‍ വിജയമാക്കാന്‍ നേതൃത്വം നല്‍കിയ ഭാരവാഹികള്‍ക്കു അദ്ദേഹം നന്ദി അറിയിച്ചു. സ്പോണ്‍സര്‍ഷിപ്പ്, രജിസ്ട്രേഷന്‍, പരസ്യങ്ങള്‍, ആശംസകള്‍ എന്നിവയിലൂടെ ഉദാരമായ പിന്തുണ വാഗ്ദാനം ചെയ്ത വികാരിക്കും ഇടവകാംഗങ്ങള്‍ക്കും ഫോട്ടോഗ്രാഫര്‍ ജസ്റ്റിന്‍ വര്‍ഗീസിനോടും നിസ്സീമമായ കടപ്പാട് രേഖപ്പെടുത്തി.
Registration link: http://tinyurl.com/FYC2024
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. അബു പീറ്റര്‍, കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ (ഫോണ്‍: 914.806.4595) / ചെറിയാന്‍ പെരുമാള്‍, കോണ്‍ഫറന്‍സ് സെക്രട്ടറി (ഫോണ്‍. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.