
ഗാസ സിറ്റി: യുദ്ധത്തില്‍ തകര്‍ന്ന ഗാസയിലെ 5 ലക്ഷത്തിലധികം ആളുകള്‍ അതിരൂക്ഷമായ പട്ടിണിയിലേക്ക്. വടക്കന്‍ ഗാസയിലെ യുദ്ധ ബാധിതരുടെ ക്ഷാമം സംബന്ധിച്ച് യുഎന്‍ മുന്നറിയിപ്പ് നല്‍കി.
വടക്കന്‍ ഗാസയിലേക്കുള്ള ഭക്ഷണം ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും ജനുവരി 23 മുതല്‍ തടഞ്ഞിരിക്കുകയാണ്. ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി വേള്‍ഡ് ഫുഡ് പ്രോഗ്രാമും ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കി. ഗാസ മുനമ്പില്‍ ഭയാനകമായ ഒരു മാനുഷിക അടിയന്തരാവസ്ഥ ഉടലെടുക്കുകയും അവിടെയുള്ള പ്രധാന യുഎന്‍ സഹായ ഏജന്‍സി പട്ടിണി നേരിടാന്‍ പാടുപെടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
പട്ടിണിയും പോഷകാഹാര കുറവും വടക്കന്‍ ഗാസയില്‍ രണ്ട് വയസ്സിന് താഴെയുള്ള ആറ് കുട്ടികളില്‍ ഒരാള്‍ക്ക് ഗുരുതരമായ രോഗം ബാധിച്ചിരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചിട്ടുണ്ട്. ശുദ്ധജലക്ഷാമമവും ഗാസയെ ദുരിതത്തിലാക്കുന്നുണ്ട്. ഗാസയിലെ ഭൂഗര്‍ഭജലത്തിന്റെ 97 ശതമാനവും ‘മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
അതിര്‍ത്തിയില്‍ സഹായം തയ്യാറായി കാത്തിരിക്കുകയാണെന്നും, 2.2 ദശലക്ഷം ആളുകള്‍ക്ക് ഭക്ഷണം നല്‍കാമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ചൊവ്വാഴ്ച പറഞ്ഞു. എന്നാല്‍ ഇസ്രായേല്‍ സൈന്യം ഗാസയിലേക്കുള്ള പ്രവേശനം തടയുകയാണെന്നും വിവരമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ജനുവരി 23 നാണ് അവസാനം സഹായം അനുവദിച്ചതെന്നും അതിനുശേഷം തടയുകയാണെന്നും വിവരമുണ്ട്.