
ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് യാത്രാമൊഴിയേകി രാജ്യം. വടക്കൻ ഡൽഹിയിലെ യമുനാ തീരത്തെ നിഗം ബോധ് ഘാട്ടില്‍ നടന്ന സംസ്‌കാരച്ചടങ്ങില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ നിരവധി പ്രമുഖരും ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും പങ്കെടുത്തു. പൂർണ സൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആഭ്യന്തരമന്ത്രി അമിത്ഷാ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാല്‍ എന്നിവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണെത്തിയത്.
മോത്തിലാല്‍ മാര്‍ഗിലെ മൂന്നാം നമ്പര്‍ ഔദ്യോഗിക വസതിയില്‍ നിന്ന് രാവിലെ 9നാണ് മൃതദേഹം അക്ബർ റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് മാറ്റിയത്. എഐസിസി ആസ്ഥാനത്ത് പൊതുദര്‍ശനം പൂര്‍ത്തിയായതിനുശേഷം നിഗം ബോധ് ഘാട്ടിലേക്കുള്ള വിലാപ യാത്രയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മന്‍മോഹന്‍ സിങ്ങിന്റെ ഭൗതിക ശരീരമുള്ള വാഹനത്തില്‍ രാഹുല്‍ ഗാന്ധിയുമുണ്ടായിരുന്നു. നിഗം ബോധ് ഘാട്ടിലെത്തിയ ശേഷം കോണ്‍ഗ്രസ് എംപിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അന്തിമോപചാരം അര്‍പ്പിച്ചു. രാജ്യത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
Farewell to Dr. Manmohan Singh