വയനാട്: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയില്‍ അനിലാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്തു തൂങ്ങിമരിച്ച നിലയിലാണ് അനിലിനെ കണ്ടെത്തിയത്. സഹോദരനാണ് ആദ്യം മൃതദേഹം കണ്ടത്. പ്രദേശവാസികളെ വിവരം അറിയിച്ച് ഉടന്‍ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ അനില്‍ മരിച്ചു.
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം കല്ലോടി സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും.
വിവിധ ബാങ്കുകളിലായി അനിലിന് നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്. ക്ഷീര കര്‍ഷകന്‍ കൂടിയായിരുന്ന അനില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കായാണ് വിവിധ ബാങ്കുകളില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ കടമെടുത്തത്.
കാര്‍ഷിക ആവശ്യങ്ങള്‍ക്കായി സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും ഒന്നരലക്ഷം രൂപയും പശുവിനെ വളര്‍ത്താനായി കോര്‍പ്പറേറ്റീവ് ബാങ്കില്‍ നിന്നും ഒരുലക്ഷം രൂപയും കടം എടുത്തിട്ടുണ്ടായിരുന്നു. കഴിഞ്ഞതവണ നെല്‍ കൃഷിക്ക് നിലം ഉഴാനായി പ്രദേശവാസിയില്‍ നിന്ന് 50,000 രൂപ കൈവായ്പയും വാങ്ങിയിരുന്നു. നെല്‍കൃഷി വിളവെടുപ്പില്‍ കിട്ടുന്ന പണം കൊണ്ട് ലോണ്‍ തിരിച്ചടക്കാമെന്നായിരുന്നു അനില്‍ കരുതിയതെന്നും എന്നാല്‍ പ്രതീക്ഷിച്ച വിളവ് ലഭിക്കാതായതോടെ അനില്‍ നിരാശ്ശയിലായെന്നും സഹോദരന്‍ പറയുന്നു.