ദില്ലിയില്‍ ‘ആളിക്കത്തുന്ന’കര്‍ഷക പ്രക്ഷോഭം; ബ്ളാക്ക് ഫ്രൈഡേ പ്രഖ്യാപനവുമായി കര്‍ഷകര്‍, മോദിയുടെ കണ്ണ് തുറക്കുമോ?

ന്യൂഡല്‍ഹി: ഡല്‍ഹി-ഹരിയാന-പഞ്ചാബ് അതിര്‍ത്തികള്‍ കര്‍ഷക പ്രക്ഷോഭച്ചൂടിലാണ്. കേന്ദ്ര സര്‍ക്കാരുമായി ഇതുവരെ നടന്ന ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടു. കഴിഞ്ഞ ദിവസം കനേരി അതിര്‍ത്തിയില്‍ ഉണ്ടായ 22 വയസ്സുകാരനായ കര്‍ഷകന്‍ ശുഭ്കരണ്‍ സിംഗിന്റെ മരണം വലിയ അമര്‍ഷമാണ് കര്‍ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കേന്ദ്ര സേനയുമായുള്ള സംഘര്‍ഷത്തിനിടയില്‍ കഴുത്തിന് പരുക്കേറ്റായിരുന്നു ശുഭ്കരണ്‍ സിംഗിന്റെ മരണം. സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെടുകയാണ് കര്‍ഷകര്‍. സംഘര്‍ഷത്തില്‍ നിരവധി കര്‍ഷകര്‍ക്കും പരുക്കേറ്റിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ബോധപൂര്‍വ്വം കര്‍ഷകരെ കൊലപ്പെടുത്തുകയാണെന്നാണ് നേതാക്കളുടെ ആരോപണം. 

പ്രതിഷേധ സൂചകമായാണ് ഇന്ന് ദേശീയ വ്യാപകമായി കര്‍ഷകര്‍ ബ്ളാക്ക് ഫ്രൈഡേ ആചരിക്കുന്നത്. രാജ്യത്താകെയുള്ള നിരവധി തൊഴിലാളി സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിഷേധ സൂചകമായി തൊഴിലാളികളും ജീവനക്കാരും കറുത്ത ബാഡ്ജ് ധരിച്ച് തൊഴിലിടങ്ങളിലും ഓഫീസുകളിലും എത്തണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

മരിച്ച യുവ കര്‍ഷകന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായവും കര്‍ഷകര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശുഭ്കരണ്‍ സിംഹിന്റെ മൃതദേഹം ഇതുവരെയും ആശുപത്രിയില്‍ നിന്ന് ഏറ്റുവാങ്ങിയിട്ടില്ല. 

യുവാവിന്റെ മരണത്തോടെ കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ വഴിമുട്ടുകയാണ്. ഇതുവരെയും കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീരിക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. 2020-2021 ല്‍ ഒരു വര്‍ഷത്തിലധികം നീണ്ട പ്രക്ഷോഭമായിരുന്നു കര്‍ഷകര്‍ നടത്തിയത്. അന്ന് ദില്ലി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലും തിക്രിയിലും കര്‍ഷകര്‍ തണുപ്പും മഴയും വെയിലും അവഗണിച്ച് കുത്തിയിരുന്നു. ഒടുവില്‍ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കര്‍ഷകര്‍ മുന്നോട്ടുവെച്ച ഉപാധികള്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയും കര്‍ഷകര്‍ പ്രക്ഷോഭം താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. പക്ഷെ, കേന്ദ്രം നല്‍കിയ ഉറപ്പുകള്‍ ഇതുവരെയും പാലിച്ചിട്ടില്ല എന്ന ഏതാണ് കര്‍ഷകരുടെ പരാതി. അതാണ് വീണ്ടും ദില്ലിയിലേക്കുള്ള പ്രക്ഷോഭത്തിന് കാരണം. 2020ല്‍ കണ്ടതുപോലെ തന്നെ പലയിടങ്ങളിലും സംഘര്‍ഷത്തോടെ തന്നെയായിരുന്നു കര്‍ഷക സമരം തുടങ്ങിയത്. അതിര്‍ത്തികള്‍ അടച്ച് കനത്ത കാവലിലാണ് കേന്ദ്ര സര്‍ക്കാര്‍. 

കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമരൂപീകരണത്തിനുള്ള തടസ്സങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഇപ്പോഴും കേന്ദ്രം.

farmers Black Friday protest

More Stories from this section

family-dental
witywide