ന്യൂഡല്‍ഹി: ഹരിയാനയ്ക്കും പഞ്ചാബിനും ഇടയിലുള്ള ശംഭു അതിര്‍ത്തിയില്‍നിന്നും കര്‍ഷകര്‍ ഇന്ന് ഉച്ചയോടെ ഡല്‍ഹിയിലേക്കുള്ള മാര്‍ച്ച് പുനരാരംഭിച്ചു. എന്നാല്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
രാജ്യ തലസ്ഥാനത്തേക്ക്, 101 കര്‍ഷകരുടെ ഒരു സംഘം മാര്‍ച്ച് ആരംഭിച്ച കര്‍ഷകരില്‍ പലരും കണ്ണീര്‍ വാതക ഷെല്ലിംഗ് സമയത്ത് ഉപയോഗപ്രദമാകുന്ന മാസ്‌കുകളും കണ്ണടകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും ധരിച്ചിരുന്നു.
എന്നാല്‍, പ്രതിഷേധക്കാര്‍ക്കിടയില്‍ കര്‍ഷകര്‍ മാത്രമല്ലെന്നും മറ്റു ചിലരും കടന്നുകൂടിയിട്ടുണ്ടെന്നുമാണ് പൊലീസിന്റെ വാദം. അതിനാല്‍ മതിയായ പരിശോധനയ്ക്ക് ശേഷം മാത്രമേ അവരെ മുന്നോട്ട് പോകാന്‍ അനുവദിക്കൂ എന്നും പൊലീസ് വ്യക്തമാക്കി. മാര്‍ച്ചില്‍ പങ്കെടുക്കുന്ന 101 കര്‍ഷകരുടെ പേരുള്‍പ്പെടുന്ന ലിസ്റ്റ് തങ്ങളുടെ പക്കലുണ്ടെന്നും എന്നാല്‍ അവര്‍ തന്നെയാണോ കൂട്ടത്തിലുള്ളതെന്ന് പരിശോധിക്കാന്‍ കര്‍ഷകര്‍ അനുവദിക്കുന്നില്ലെന്നും അവര്‍ കൂട്ടമായി മുന്നോട്ട് പോകുകയാണെന്നും ഹരിയാന പൊലീസ് പറയുന്നു.
എന്നാല്‍, പൊലീസിന്റെ വാദം തെറ്റാണെന്നും തങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നും കര്‍ഷരും നിലപാടെടുത്തു. പൊലീസിന്റെ പക്കലുള്ളത് തെറ്റായ ലിസ്റ്റാണെന്നും ഐഡന്റിറ്റി കാര്‍ഡ് കാണിച്ചിട്ടും യാത്രതുടരാന്‍ അനുമതിയില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.