ചണ്ഡീഗഡ്: ഹരിയാനയിലെ ഖനൗരി അതിർത്തിയിൽ പ്രതിഷേധിച്ച കർഷകരും പോലീസും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഒരു കർഷകൻ മരിച്ച സാഹചര്യത്തിൽ ഡൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവയ്ക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. കുത്തിയിരിപ്പ് സമരം തുടരുമെങ്കിലും കർഷകർ ഡൽഹിയിലേക്കുള്ള പ്രതിഷേധ മാർച്ചും രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു.
സമരം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്ന് കർഷകസംഘടനകൾ അറിയിച്ചു. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്ഥലത്ത് ക്യാമ്പ് ചെയ്യും. നാളെ ശംഭുവിലെ നേതാക്കളും ഖനൗരിയിലെത്തും. ശേഷമായിരിക്കും തുടർനടപടികൾ തീരുമാനിക്കുക.
പോലീസ് നടപടിക്കിടെയാണ് യുവകർഷകൻ മരിച്ചതെന്ന് കർഷക സംഘടനയായ എഐകെഎസ് (അഖിലേന്ത്യാ കിസാൻ സഭ) ആരോപിച്ചു. എന്നാൽ ഹരിയാന പോലീസ് ഇത് നിഷേധിച്ചു.
ഇന്നലെ രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടന്നത്. സംഘര്‍ഷത്തിലാണ് ശുഭ്കരണ്‍ സിങ് എന്ന യുവകർഷകൻ കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാല രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി അറിയിക്കുകയായിരുന്നു.