ന്യൂഡല്‍ഹി: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രാജ്യത്തെ 200 ഓളം കര്‍ഷക സംഘടനകള്‍ രാജ്യ തലസ്ഥാനത്തെക്ക് നടത്തുന്ന മാര്‍ച്ചില്‍ മൂന്നാം ദിവസമായ ഇന്ന് കര്‍ഷക റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കും. മൂന്നാം ദിവസത്തെ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി, ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഭാരതീയ കിസാന്‍ യൂണിയന്‍-ഉഗ്രഹന്‍ (ബികെയു-ഉഗ്രഹന്‍) ഇന്ന് പഞ്ചാബിലാണ് റെയില്‍വേ ട്രാക്കുകള്‍ ഉപരോധിക്കുക.
അതേസമയം, കര്‍ഷകരുടെ വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നംഗ കേന്ദ്രമന്ത്രിമാരുടെ സംഘം വ്യാഴാഴ്ച വൈകീട്ട് കര്‍ഷക നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും.
ഫെബ്രുവരി 8, 12 തീയതികളില്‍ സംഘടിപ്പിച്ച രണ്ട് യോഗങ്ങള്‍ തീരുമാനമാകാതെ പിരിഞ്ഞതിനെത്തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാം ഘട്ട ചര്‍ച്ചകള്‍ നടത്താനാണ് ഇന്ന് കളമൊരുങ്ങുന്നത്. കര്‍ഷക നേതാക്കളെ ചര്‍ച്ചയ്ക്കായി സര്‍ക്കാര്‍ ബുധനാഴ്ച ക്ഷണിച്ചു. കര്‍ഷകര്‍ പഞ്ചാബിന്റെയും ഹരിയാനയുടെയും ശംഭു, ഖനൗരി അതിര്‍ത്തികളില്‍ ഇന്നലെ രാത്രി തങ്ങി. ഇന്ന് വീണ്ടും മാര്‍ച്ച് പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണ്.
വിളകള്‍ക്ക് മിനിമം താങ്ങുവില, വായ്പ എഴുതിത്തള്ളല്‍ എന്നിവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെയാണ് ചര്‍ച്ചയ്ക്കുള്ള വാഗ്ദാനമുണ്ടായത്.