ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി; സഭാ സംബന്ധമായ ചുമതലകളില്‍ നിന്നും നീക്കി

പത്തനംതിട്ട: ഓര്‍ത്തഡോക്സ് സഭ നിലയ്ക്കല്‍ ഭദ്രാസനാധിപനെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഫാ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടിയുമായി ഓര്‍ത്തഡോക്‌സ് സഭ. സഭാ സംബന്ധമായ എല്ലാ ചുമതലകളില്‍ നിന്നും ഫാ. മാത്യൂസ് വാഴക്കുന്നത്തിനെ നീക്കിയതായി കാതോലിക്കാ ബാവാ പത്രക്കുറിപ്പിലൂടെ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെയാണ് ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്.

ഓര്‍ത്തഡോക്സ് സഭ പത്തനംതിട്ട നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസിനെ വിമര്‍ശിക്കുന്ന ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് നടപടി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ സംഭവത്തില്‍ വിശദീകരണം തേടിയിരുന്നു. ഫാ. മാത്യൂസ് വാഴക്കുന്നം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവ നിര്‍ദ്ദേശം നല്‍കിയത്.

ഫാ. ഷൈജു കുര്യന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ നിക്കോദിമോസ് വിശദീകരണം തേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതികരണത്തിലാണ് ഫാ. മാത്യൂസ് പരുഷമായി സംസാരിച്ചത്. നിലയ്ക്കല്‍ ഭദ്രാസനാധിപന്റെ കല്‍പ്പനയ്ക്ക് മറുപടി നല്‍കാന്‍ മനസ്സില്ലെന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. ഒരു പുരോഹിതനില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്ത പെരുമാറ്റമാണ് ഫാ. മാത്യൂസ് വാഴക്കുന്നത്തില്‍നിന്ന് ഉണ്ടായതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം നിലയ്ക്കല്‍ ഭദ്രാസനാധിപനെതിരെ മോശം പരാമര്‍ശം നടത്തിയതിന് ഫാ. മാത്യൂസ് വാഴക്കുന്നം ഖേദം പ്രകടിപ്പിച്ചു. തന്റെ ഭാഗം കേള്‍ക്കാന്‍ അവസരം നല്‍കണമെന്നും ഫാ മാത്യൂസ് വാഴക്കുന്നം അപേക്ഷിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide