ഗുരുതര ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ആശ്വാസ വാര്‍ത്ത ; ആദ്യ മരുന്നിന് അമേരിക്കയുടെ അംഗീകാരം

വാഷിംഗ്ടണ്‍: ഗുരുതരമായ തരത്തിലുള്ള നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്കുള്ള ആദ്യ മരുന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) വ്യാഴാഴ്ച അംഗീകരിച്ചതായി റിപ്പോര്‍ട്ട്.

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് ഉള്ള നൂറുകണക്കിന് ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ ഒരു ക്ലിനിക്കല്‍ ട്രയലില്‍ മാഡ്രിഗല്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ‘റെസ്ഡിഫ്ര’ കരളുകളെ മെച്ചപ്പെടുത്തുന്നതായി കണ്ടെത്തി. ഇതോടെ, ഫാറ്റി ലിവര്‍ രോഗികള്‍ക്ക് ഭക്ഷണക്രമത്തിനും വ്യായാമത്തിനും പുറമേ ചികിത്സയ്ക്കായി ഒരു മരുന്നുകൂടി ലഭ്യമാകും.

അമേരിക്കയില്‍ ഏകദേശം 6-8 ദശലക്ഷം ആളുകളെ നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ്, അല്ലെങ്കില്‍ നാഷ് ബാധിക്കുന്നുണ്ട്. ഇത് പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ടൈപ്പ് 2 പ്രമേഹം, അമിത വണ്ണം, രക്തത്തിലെ ഉയര്‍ന്ന കൊഴുപ്പിന്റെ അളവ് തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കും. കഠിനമായ ക്ഷീണം, ചര്‍മ്മത്തിന്റെയോ കണ്ണുകളുടെയോ മഞ്ഞനിറം, രക്തക്കുഴലുകളില്‍ പ്രത്യക്ഷമായിക്കാണുന്ന വ്യത്യാസം എന്നിവയൊക്കെയും ഇതിന്റെ ലക്ഷണങ്ങളാണ്. ലിവര്‍ സിറോസിസിലേക്ക് മാറുന്ന നാഷ് കാലക്രമേണ കരള്‍ തകരാറിലാക്കുകയും കരള്‍മാറ്റമല്ലാതെ മറ്റ് വഴികള്‍ ഇല്ലാതാക്കുകയും ചെയ്യും.

966 ആളുകളില്‍ നടത്തിയ ഒരു പരീക്ഷണത്തില്‍, ഒരു വര്‍ഷത്തിനുള്ളില്‍ ‘റെസ്ഡിഫ്ര’ ഉപയോഗിച്ച് ചികിത്സിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും അവരുടെ അവസ്ഥയ്ക്ക് പരിഹാരമായതായും ചിലര്‍ക്ക് താരതമ്യേന മാറ്റം കാണുന്നതായും ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഫലങ്ങള്‍ പറയുന്നു.

എന്നിരുന്നാലും മറ്റ് പല മരുന്നുകള്‍ക്കുമുള്ളതുപോലെ ഈ മരുന്നിന്റെ പാര്‍ശ്വഫലങ്ങളായി വയറിളക്കം, ഓക്കാനം എന്നിവ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പുണ്ട്.

‘ഞങ്ങളുടെ സ്ഥാപകന്‍ ഡോ. ബെക്കി ടൗബിന്റെയും മരുന്ന് വികസനത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഏറ്റെടുത്ത ഒരു ചെറിയ ആര്‍ ആന്‍ഡ് ഡി ടീമിന്റെയും 15 വര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിന്റെ പരിസമാപ്തിയാണ് റെസ്ഡിഫ്രയുടെ പെട്ടെന്നുള്ള അംഗീകാരം,’ മാഡ്രിഗല്‍ സിഇഒ ബില്‍ സിബോള്‍ഡ് പറഞ്ഞു. ഏപ്രിലില്‍ യുഎസ് രോഗികള്‍ക്ക് മരുന്ന് ലഭ്യമാകുമെന്നും മാഡ്രിഗല്‍ പറഞ്ഞു. അമേരിക്കന്‍ ലിവര്‍ ഫൗണ്ടേഷന്റെ ലോറെയ്ന്‍ സ്റ്റീഹലും ഈ നീക്കത്തെ പ്രശംസിച്ചു.

fatty liver disease- US approves first drug