ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിൻ്റെ തകർച്ചയെക്കുറിച്ച് എഫ്ബിഐ ഒരു ക്രിമിനൽ അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും അട്ടിമറികൾക്കുള്ള സാധ്യത പരിശോധിക്കും. സിംഗപ്പൂരിലാണ് കപ്പലുടമ. മലയാളിക്കാണ് കപ്പൽ നടത്തിപ്പ് ചുമതല.
അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും എല്ലാ ഫെഡറൽ നിയമങ്ങളും പാലിച്ചിട്ടുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന്അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
അപകടത്തിൽപ്പെട്ട ചരക്ക് കപ്പലായ ഡാലിയിൽ എഫ്ബിഐ അന്വേഷണം നടത്തുന്നുണ്ടായിരുന്നു എന്ന് ഏജൻസി റിപ്പോർട്ട് ചെയ്തു. വാഷിംഗ്ടൺ പോസ്റ്റാണ് അന്വേഷണം ആദ്യം റിപ്പോർട്ട് ചെയ്തത്. അപകടം നടന്ന ഉടൻ തന്നെ ഭീകരവാദം പോലുള്ള വിധ്വംസക പ്രവർത്തനം സംശയിക്കുന്നില്ല എന്ന് എഫ്ബിഐയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
മാർച്ച് 26 ന് അതിരാവിലെ ബാൾട്ടിമോർ തുറമുഖത്തുനിന്ന് ഡാലി എന്ന കണ്ടെയ്‌നർ കപ്പൽ ചരക്കുമായി ശ്രീലങ്കയിലേക്ക് പുറപ്പെട്ടതായിരുന്നു. വൈകാത അത് ബാൾട്ടിമോർ പാലത്തിൻ്റെ തൂണുകളിലൊന്നിൽ ഇടിച്ച് പാലം പടാപ്‌സ്കോ നദിയിലേക്ക് തകർന്നു വീഴുകയും ആറ് പേർ മരണപ്പെടുകയും ചെയ്തിരുന്നു.
ഗതി തെറ്റിയ കൂറ്റൻ കണ്ടെയ്‌നർ കപ്പലിൻ്റെ വൈദ്യുതി സംവിധാന തകരാറാണ് അന്വേഷകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അധ്യക്ഷ ജെന്നിഫർ ഹോമെൻഡി കഴിഞ്ഞ ആഴ്ച പറഞ്ഞു. അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് കപ്പലിന് വൈദ്യുതി പ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു., അതിൻ്റെ ലൈറ്റുകൾ അണയുന്നതും തിരികെ വരുന്നതും വീഡിയോയിൽ കാണാം.
കപ്പലിൻ്റെ വോയേജ് ഡേറ്റ റെക്കോർഡറിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ താരതമ്യേന അടിസ്ഥാനപരമാണെന്ന്, അതിനാൽ എഞ്ചിൻ റൂമിലെ വിവരങ്ങൾ തേടും – ഹോമണ്ടി പറഞ്ഞു.
FBI opens criminal investigation About Baltimore bridge Accident