ഇതാണാ തോക്ക്!; ട്രംപിനെ വധിക്കാൻ ശ്രമിച്ച തോക്കിൻ്റെ ചിത്രങ്ങൾ എഫ്ബിഐ പുറത്തുവിട്ടു

ജൂലൈയിൽ പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന റാലിക്കിടെ ഡോണൾഡ് ട്രംപിനെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിൻ്റെയും റാലിയിൽ വെടിവെച്ചയാളുടെ കാറിലുണ്ടായിരുന്ന ബാക്ക്പാക്കിൻ്റെയും സ്ഫോടകവസ്തുക്കളുടെയും പുതിയ ഫോട്ടോകൾ എഫ്ബിഐ പുറത്തുവിട്ടു.

ഷൂട്ടിംഗിന് മുമ്പുള്ള ദിവസങ്ങളിൽ തോമസ് മാത്യു ക്രൂക്‌സിൻ്റെ ഇൻ്റർനെറ്റ് സെർച്ചിനെ കുറിച്ചും അവ എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചും എഫ്ബിഐ ഉദ്യോഗസ്ഥർ പുതിയ വിശദാംശങ്ങൾ നൽകിയിരുന്നു. ഇതിന്റെ പിന്നാലെയാണ് തോക്കിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

ട്രംപിനെ വധിക്കാൻ ശ്രമിച്ചയാൾ മുൻ പ്രസിഡൻ്റിൻ്റെയും പ്രസിഡൻ്റ് ജോ ബൈഡൻ്റെയും പ്രചാരണ പരിപാടികളെക്കുറിച്ച് ഗവേഷണം നടത്തിയിരുന്നുവെന്നും എന്നാൽ ഷൂട്ടറുടെ വീട്ടിൽ നിന്ന് 40 മിനിറ്റ് ദൂരമുള്ള പെൻസിൽവാനിയയിൽ നടക്കാനിരുന്ന റാലിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നും എഫ്ബിഐ വ്യക്തമാക്കി.

എഫ്ബിഐയുടെ പിറ്റ്സ്ബർഗ് ഫീൽഡ് ഓഫീസിൻ്റെ ചുമതലയുള്ള പ്രത്യേക ഏജൻ്റ് കെവിൻ റോജെക്, ഷൂട്ടർ എങ്ങനെയാണ് ട്രംപിന്റെ റാലിയെ അവസരമായി കണ്ടതെന്ന് വിശദീകരിച്ചു. അതേസമയം ക്രൂക്ക്സ് ഏതെങ്കിലും പ്രത്യയശാസ്ത്രത്തോട് അടുത്തുനിൽക്കുന്ന ആളാണോ എന്നതിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല.