യുഎസിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് കൊള്ളസംഘം; സൂക്ഷിക്കണമെന്ന് എഫ്ബിഐ മുന്നറിയിപ്പ്

വാഷിങ്ടൺ: ഇന്ത്യക്കാരായ വ്യക്തികളെയും ബിസിനസുകാരെയും ലക്ഷ്യമിട്ട് കവർച്ചാ സംഘം പ്രവർത്തിക്കുന്നതായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി എഫ്ബിഐയുടെ സാക്രമെൻ്റോ ഫീൽഡ് ഓഫീസ്. അക്രമ ഭീഷണിയും വലിയ തുക ആവശ്യപ്പെടുകയുമാണ് അക്രമികളുടെ രീതിയെന്നും എഫ്ബിഐ പറയുന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്യുന്നതിനായി കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാൻ ഫെഡറൽ ഏജൻസി പൗരന്മാരോട് അഭ്യർത്ഥിച്ചു.

ഇന്ത്യൻ വംശജരായ അയൽവാസികളുടെ സുരക്ഷയിലും സാമ്പത്തിക സുരക്ഷയിലും ഞങ്ങൾ അതീവ ഉത്കണ്ഠാകുലരാണ്. കുറ്റവാളികൾ കഠിനാധ്വാനികളായ ഇന്ത്യക്കാരെയും ബിസിനസുകാരെയും ലക്ഷ്യമിടുന്നു. ത‌ട്ടിക്കൊണ്ടുപോകാനും വൻതുക മോചന ദ്രവ്യം ആവശ്യപ്പെടാനും സാധ്യതയുണ്ട്. എന്തെങ്കിലും സംശയം തോന്നിയാൽ ഉടൻ പരാതി നൽകാനും പൊലീസിനെ അറിയിക്കാനും പ്രത്യേക ഏജൻ്റ് മാർക്ക് റെമിലി പറഞ്ഞു. മോചന ദ്രവ്യം നൽകിയില്ലെങ്കിൽ ശാരീരികമായി ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുമെന്ന് കൊള്ളക്കാർ ഭീഷണിപ്പെടുത്തും. അനുസരിക്കാൻ വിസമ്മതിച്ച ചില ഇരകൾക്കും അവരുടെ വീടുകൾക്കും വാഹനങ്ങൾക്കും നേരെ വെ‌ടിവെപ്പുണ്ടായിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു.

എന്തെങ്കിലും സംശയം തോന്നി‌യാൽ 911 എന്ന നമ്പറിൽ ബന്ധപ്പെടാനും പ്രാദേശിക ഫീൽഡ് ഓഫീസുമായി ബന്ധപ്പെട്ടോ, tips.fbi.gov എന്നതിൽ ഓൺലൈനായി മുന്നറിയിപ്പ് നൽകിയോ അല്ലെങ്കിൽ 1-800-കോൾ എന്ന നമ്പറിൽ വിളിച്ചോ അറിയിക്കണമെന്നും എഫ്ബിഐ അറിയിച്ചു.

FBI warns of extortion scheme targeting Indians, businesses