ഇറാന്‍റെയും ഹിസ്ബുള്ളയുടെയും ആക്രമണ ഭീതി ശക്തം, നെതന്യാഹുവിന്‍റെ മകന്‍റെ വിവാഹച്ചടങ്ങുകൾ മാറ്റിവയ്ക്കുമെന്ന് റിപ്പോർട്ട്

ടെൽ അവീവ്: ഇറാന്‍റെയും ഹിസ്ബുള്ളയുടെയും യുദ്ധഭീതി ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മകൻ അവനെറിൻ്റെ വിവാഹചടങ്ങുകൾ മാറ്റിവെയ്ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. മേഖലയിൽ തുടരുന്ന യുദ്ധ സാഹചര്യത്തിനും ഡ്രോൺ ഭീഷണികൾക്കും ഇടയിലുള്ള സുരക്ഷാ ആശങ്കകൾ കാരണമാണ് നീക്കം. ഇസ്രായേൽ മാധ്യമങ്ങളാണ് ഇതുസംബ​ന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.

അവെനർ നെതന്യാഹുവിൻ്റെ വിവാഹം നവംബർ 26 നാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ടെൽ അവീവിനടുത്തുള്ള ഷാരോൺ മേഖലയിലെ റോണിറ്റ് ഫാമിൽ വച്ചാണ് വിവാഹം പ്ലാൻ ചെയ്തിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ കടുത്ത സുരക്ഷാ ഭീഷണിയുണ്ടെന്ന വിലയിരുത്തലിലാണ് വിവാഹം മാറ്റിവയ്ക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഈ റിപ്പോർട്ടുകളോട് നെതന്യാഹുവിൻ്റെ ഓഫീസും ഇസ്രയേലും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ ഹിസ്ബുല്ല ലബനാനിൽനിന്ന് തൊടുത്തുവിട്ട ഡ്രോൺ നെതന്യാഹുവിന്റെ സിസേറിയയിലെ വീട്ടിൽ നാശനഷ്ടം സൃഷ്ടിച്ചിരുന്നു. സ്ഫോടനത്തിൽ ബെഡ്റൂമിലെ ജനവാതിലിന്റെ ചില്ലുകൾ പൊട്ടിയിരുന്നു. ഉറപ്പുള്ള ഗ്ലാസും മറ്റു സംരക്ഷണവുമുള്ളതിനാൽ റൂമിനകത്തേക്ക് ഡ്രോണിന് തുളച്ചുകയറാൻ സാധിച്ചില്ല. ഈ സമയം നെതന്യാഹുവും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ലെന്നതും അപകടമൊഴിവാക്കി.

More Stories from this section

family-dental
witywide