വാഷിംഗ്ടൺ: പലിശനിരക്കുകൾ മാറ്റമില്ലാതെ നിലനിർത്തി യുഎസ് ഫെഡറൽ റിസർവ്. ബുധനാഴ്ചയായിരുന്നു ഫെഡറലിന്റെ അന്തിമ തീരുമാനം. പലിശ നിരക്കുകൾ കുറയ്ക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും യുഎസിലെ സമ്പദ് വ്യവസ്ഥയുടെ അസന്തുലിതാവസ്ഥയും പണപ്പെരുപ്പത്തിലുണ്ടായ വർധനയും യുഎസ് കേന്ദ്രബാങ്കിനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു. സമ്പദ്‍വ്യവസ്ഥ സന്തുലിതമായ അവസ്ഥയിലേക്ക് എത്തിയതിന് ശേഷമേ പലിശനിരക്കുകൾ കുറക്കുവെന്ന് രണ്ട് ദിവസത്തെ യോഗത്തിനൊടുവിൽ ഫെഡറൽ റിസർവ് അറിയിച്ചു.
ഇതോടെ യുഎസിൽ പലിശനിരക്ക് 5.25-5.50 ശതമാനമായി തുടരും. ഈ വർഷം മാർച്ചിൽ പലിശനിരക്ക് കുറയ്ക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും പണപ്പെരുപ്പം ഫെഡറൽ റിസർവിന്റെ ലക്ഷ്യത്തിലേക്ക് എത്താതിരുന്നത് തിരിച്ചടിയായി. ഈ വർഷം മൂന്ന് തവണയെങ്കിലും ഫെഡറൽ റിസർവ് പലിശനിരക്കുകൾ കുറക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ പണപ്പെരുപ്പത്തിൽ കുറവുണ്ടായെന്ന് ഫെഡറൽ റിസർവ് വിലയിരുത്തി. എന്നാൽ, ഫെഡറൽ റിസർവ് ലക്ഷ്യമിടുന്ന രണ്ട് ശതമാനത്തിലേക്ക് പണപ്പെരുപ്പം എത്തിയാൽ മാത്രമേ പലിശനിരക്ക് കുറക്കുവെന്നാണ് സൂചന. വരും മാസങ്ങളിൽ പലിശനിരക്ക് രണ്ട് ശതമാനത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.