കൊച്ചി: നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിടേണ്ടിവന്ന നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണന് പിന്തുണയുമായി ഫെഫ്ക. നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തിനു ശേഷം പ്രമുഖരടക്കം നിരവധി പേരാണ് രാമകൃഷ്ണന് പിന്തുണയുമായി എത്തിയത്. രാമകൃഷ്ണനെ ചേര്‍ത്തുനിര്‍ത്തുകയും സത്യഭാമയെ തള്ളിപ്പറഞ്ഞുമാണ് ഇപ്പോള്‍ ഫെഫ്കയും എത്തിയിരിക്കുന്നത്.
സത്യഭാമ പറഞ്ഞത് പരമ അബദ്ധവും വര്‍ണവെറിയുമാണെന്ന് ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കേരള സമൂഹം മുഴുവന്‍ തള്ളിക്കളഞ്ഞ വിഷയമാണിതെന്നും വിഷയത്തില്‍ ഫെഫ്കയ്ക്ക് കൃത്യമായ നിലപാടുണ്ടെന്നും ഇത് ചര്‍ച്ചയ്ക്ക് പോലും സാധ്യത ഇല്ലാത്ത വിഷയമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, തനിക്ക് വലിയ തോതിലുള്ള സൈബര്‍ ആക്രമണം നേരിടുന്നുവെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി ഇന്നലെ സത്യഭാമയും രംഗത്തെത്തിയിരുന്നു. സത്യഭാമ ഒരു സ്വകാര്യ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു കലാകാരന് കാക്കയുടെ നിറമാണെന്നും പെറ്റതള്ള കണ്ടാല്‍ സഹിക്കില്ലെന്നുമടക്കം വിമര്‍ശനം ഉന്നയിച്ചത്. രാമകൃഷ്ണന്റെ പേര് പറഞ്ഞല്ല അധിക്ഷേപം നടത്തിയതെങ്കിലും ചാലക്കുടിക്കാരനാണെന്നും മോഹിനിയാട്ട കലാകാരനാണെന്നതുമടക്കമുള്ള സൂചനകള്‍ നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇത് തന്നെ അധിക്ഷേപിച്ചതാണെന്ന് കാട്ടി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.