മയാമി: ചിക്കാഗോ സിറോ മലബാര്‍ കാത്തോലിക്ക കോണ്‍ഗ്രസ്സിന്റെ (എസ്.എം.സി.സി.) രൂപതാ ഡയറക്ടറായി നിയമിതനായ ഫാ. ജോര്‍ജ്ജ് ഇളമ്പാശ്ശേരിയെ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് കോറല്‍ സ്പ്രിങ്സ് ദേവാലയത്തില്‍ ഇടവകസമൂഹം അനുമോദിച്ചു. ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ രജതജൂബിലി നിറവില്‍ എത്തിനില്‍ക്കുന്ന എസ്.എം.സി.സി.യുടെ പുതിയ നാഷണല്‍ ഡയറക്ടറും ഇപ്പോള്‍ കോറല്‍ സ്പ്രിങ്സ് ഫൊറോന ദേവാലയ വികാരിയും കൂടിയായ ഫാ. ജോര്‍ജ്ജ് ഇളമ്പാശ്ശശ്ശേരിയെ രൂപതാ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ടാണ് നിയമിച്ചിരിക്കുന്നത്.
ഒരു വ്യാഴവട്ടത്തിലധികമായി ചിക്കാഗോ രൂപതയിലെ ഡിട്രോയിറ്റ് സെന്റ് തോമസ്; ഡാളസ്സ് സെന്റ് തോമസ്, ന്യൂയോര്‍ക്ക് – ബ്രോങ്ങ്‌സ് എന്നിവിടങ്ങളിലെ സെന്റ് തോമസ് ദേവാലയങ്ങളില്‍ ഫാ. ജോര്‍ജ്ജ് വികാരിയായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2013-ല്‍ ഡിട്രോയിറ്റ് സെന്റ് തോമസ് ചര്‍ച്ച് വികാരിയായിരുന്നപ്പോള്‍ എസ്.എം.സി.സി.യുടെ നാഷണല്‍ കോണ്‍ഫ്രന്‍സും യങ് പ്രൊഫഷണല്‍ മീറ്റും വിജയകരമായി സംഘടിപ്പിക്കുവാന്‍ ഫാ. ജോര്‍ജ്ജ് നേതൃത്വം കൊടുത്തിരുന്നു.
അമേരിക്കയില്‍ എത്തുന്നതിനുമുമ്പ് പാല രൂപതയിലെ വിവിധ പള്ളികളില്‍ സേവനമനുഷ്ഠിച്ചിരുന്നു. കേരളത്തിലെ പ്രശസ്തമായ സെന്റ് ജൂഡ് ദേവാലയങ്ങളില്‍ ഒന്നായ പാല-കിഴതടിയൂര്‍ സെന്റ് ജൂഡ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ഫാ. ഇളമ്പാശ്ശേരിയായിരുന്നു.
എസ്.എം.സി.സി. കോറല്‍ സ്പ്രിങ്സ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സ്വീകരണത്തില്‍ എസ്.എം.സി.സി. ചാപ്റ്റര്‍ പ്രസിഡന്റ് മത്തായി വെമ്പാല, ഇടവക സമൂഹത്തിനുവേണ്ടി അദ്ദേഹത്തെ പൂച്ചെണ്ട് നല്‍കി ആദരിച്ചു.
എസ്.എം.സി.സി. നാഷണല്‍ ട്രഷറര്‍ ജോസ് സെബാസ്റ്റ്യന്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍ സജി സക്കറിയാസ്, ചാപ്റ്റര്‍ സെക്രട്ടറി മനോജ് ജോര്‍ജ്ജ്, ട്രഷറര്‍ ജോബി പൊന്നുംപുരയിടം, സാജു വടക്കേല്‍; ജോര്‍ജ്ജ് ജോസഫ്, ബാബു കല്ലിടുക്കില്‍, ജോ കുരുവിള, എസ്.എം.സി.സി. ഭാരവാഹികളും ട്രസ്റ്റിമാരും ചേര്‍ന്ന് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.