ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് കര തൊട്ടതോടെ തമിഴ്‌നാട് , പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍ അതീവജാഗ്രത തുടരുന്നു.
മഴക്കെടുതികളില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് നാലുമരണം. മഹാബലിപുരത്ത് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്. 2500 ലേറെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. ഏത് സ്ഥിതിയും നേരിടാന്‍ സജ്ജമാണെന്ന് തമിഴ്‌നാട്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി തുടങ്ങിയ കനത്ത മഴയില്‍ ചെന്നൈ നഗരത്തില്‍ കനത്ത വെള്ളക്കെട്ടുണ്ട്. പല ട്രെയിനുകളും ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് എത്താതെ യാത്ര അവസാനിപ്പിച്ചു.
ചെങ്കല്‍പെട്ട് അടക്കം ആറു ജില്ലകളിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് തുടരുകയാണ്. 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ചെന്നൈ ഉള്‍പ്പെടെ 10 ജില്ലകളില്‍ യെലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. വരും മണിക്കൂറുകളിലും ശക്തമായ മഴ സംസ്ഥാനത്തുണ്ടാകും. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാ തീരങ്ങള്‍ അതീവജാഗ്രതയിലാണ്.
അതേസമയം, ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്ത് ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. ഈ ജില്ലകള്‍ ഓറഞ്ച് അലര്‍ട്ടിനു കീഴിലാണ്.