ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഫെയിഞ്ചല്‍ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയോടെ കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് വിവരം. 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല, ചെന്നൈ അടക്കമുള്ള വടക്കന്‍ ജില്ലകളിലും റെഡ് അലര്‍ട്ടാണ്.
ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതയാണ്. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. ഫെയിഞ്ചല്‍ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രപതിയുടെ ഇന്നത്തെ പരിപാടിയും റദ്ദാക്കിയിട്ടുണ്ട്.
ചെന്നൈ അടക്കം 6 ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബീച്ചുകളിലും അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലും പൊതുജനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് ശേഷം അനാവശ്യമായി പുറത്തിറങ്ങരുതെന്നും വാരാന്ത്യത്തില്‍ വിനോദ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്.