സൂറിച്ച്: ഫുട്‌ബോളില്‍ നീലകാര്‍ഡ് അവതരിപ്പിക്കാനുള്ള നീക്കം യാഥാർത്ഥ്യമായേക്കില്ല. ഫുട്ബോളിലെ നില കാർഡിനോട് ഫിഫക്ക് താത്പര്യമില്ല. ഇക്കാര്യം ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ തന്നെ തുറന്നുപറഞ്ഞു. അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡാണ് നീലക്കാര്‍ഡ് എന്ന ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. ഗുരുതര ഫൗളുകള്‍ നടത്തുന്ന താരങ്ങളെ 10 മിനിറ്റ് കളിക്കളത്തിന് പുറത്ത് നിര്‍ത്താന്‍ റഫറിക്ക് അധികാരം നല്‍കണം എന്ന നിലയിലാണ് അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന്‍ നീലക്കാര്‍ഡിനെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്.
എന്നാൽ ഇതിനോട് ഫിഫ വിയോജിപ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ഫുട്‌ബോളില്‍ നീലക്കാര്‍ഡുകള്‍ കൊണ്ടുവരുന്നതിനെകുറിച്ച് ചിന്തിക്കുന്നില്ലെന്നാണ് ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫാന്റിനോ പറഞ്ഞത്. ഇക്കാര്യത്തില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും ഫുട്‌ബോളിന്റെ സത്ത ചോര്‍ത്തുന്ന ഒരുപരിഷ്‌കാരവും നടപ്പാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നീല കാർഡ് ആശയം ഇങ്ങനെ
മഞ്ഞ, ചുവപ്പ് നിറത്തിലുള്ള കാർഡുകളുടെ നിയമം സംബന്ധിച്ച് കാൽപന്ത് ആരാധകർക്കെല്ലാം അറിവുണ്ടാകും. മത്സരം തന്നെ മാറ്റിമാറിക്കാൻ ഈ കാർഡുകൾക്കാകുമെന്നാണ് പ്രധാനകാര്യം. കളത്തിലെ മോശം പെരുമാറ്റത്തിനുള്ള ശിക്ഷയായാണ് താരങ്ങൾക്കും ഒഫിഷ്യൽസിനുമെതിരെ റഫറിമാർ കാർഡുകൾ പുറത്തെടുക്കാറുള്ളത്. പുതിയ നീല കാര്‍ഡിന്‍റെ വരവോടെ വിപ്ലവകരമായ മാറ്റത്തിനാകും ഫുട്ബാൾ ലോകം സാക്ഷ്യം വഹിക്കുക. മത്സരത്തിൽ അനാവശ്യമായി ഫൗളുകൾ വരുത്തുകയും മാച്ച് ഓഫീഷ്യൽസിനോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്ന കളിക്കാർക്കാണ് നീല കാർഡ് ലഭിക്കുക. ഈ കാർഡ് ലഭിച്ചാൽ 10 മിനിറ്റ് കളത്തിൽ നിന്നും മാറി നിൽക്കണം. ഒരു മത്സരത്തിൽ രണ്ട് നീല കാർഡുകൾ ലഭിക്കുന്ന കളിക്കാരനെ ചുവപ്പിന് തുല്യമായി കണക്കാക്കി പുറത്തിരുത്താമെന്നതാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഒരു നീലയും ഒരു മഞ്ഞകാർഡും ലഭിച്ചാലും ചുവപ്പ് കാർഡിന്‍റെ ഫലം ചെയ്യും. ഗോളിലേക്കുള്ള മുന്നേറ്റം തടയാൻ നടത്തുന്ന ഫൗളുകൾക്കാകും പ്രധാനമായും നീല കാർഡ് ലഭിക്കുകയെന്നാണ് സൂചനകൾ.
FIFA completely opposed to blue cards in football, chief Infantino says