കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ, ഹൗറ ജില്ലയിലെ ഉലുബേരിയ, സാല്‍കിയ എന്നിവിടങ്ങളില്‍ സംഘര്‍ഷം. ഉലുബേരിയയില്‍ ബിജെപി പ്രാദേശിക നേതാവിന്റെ അനന്തരവന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സാല്‍കിയയില്‍ സിപിഐഎം പാര്‍ട്ടി ഓഫീസ് അടിച്ചുതകര്‍ത്തു.
മാത്രമല്ല, ഹൂഗ്ലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. ഹൂഗ്ലിയിലെ ആറാംബാഗില്‍ ബിജെപി പ്രവര്‍ത്തകരാണ് നേതാവിനെ ആക്രമിച്ചതെന്നാണ് ആരോപണം. മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രാദേശിക തൃണമൂല്‍ നേതാവിനാണ് ഗുരുതരമായി പരിക്കേറ്റത്. ഹൂഗ്ലിക്ക് 25 കിലോമീറ്റര്‍ അകലെയുള്ള ഖാനകുലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ബിജെപി പഞ്ചായത്ത് നേതാവിന് പരിക്കേറ്റു.
തിങ്കളാഴ്ച അഞ്ചാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ ഏഴ് ലോക്സഭാ സീറ്റുകളില്‍ വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ ഒന്നിലധികം ഇടങ്ങളില്‍ നിന്ന് ഇടയ്ക്കിടെയുള്ള സംഘര്‍ഷങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.